പൂരത്തിനിടെ സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമുണ്ടായി; എഡിജിപിയ്ക്കു വീഴ്ച പറ്റി: മുഖ്യമന്ത്രി
തൃശൂർ പൂരം കലക്കലിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂര്‍ പൂരത്തിനിടെ സാമൂഹികാന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമം നടന്നെന്നു മുഖ്യമന്ത്രി. അത്തരം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നീക്കങ്ങള്‍ ആസൂത്രിതം ആയിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ആസൂത്രിതമായ നീക്കം നടന്നു. അവിടെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിച്ച് ഭാവിയില്‍ തൃശൂര്‍ പൂരം ഭംഗിയായി നടത്താനുള്ള സംവിധാനമൊരുക്കേണ്ടത് അനിവാര്യമാണ്.നമ്മുടെ സാമൂഹികാന്തരീക്ഷത്തെ ആകെ ബാധിക്കുന്ന ഒരു കുല്‍സിത ശ്രമവും അുവദിക്കാനാവില്ല. ആഘോഷവും ഉല്‍സവവും മാത്രമായി ചുരുക്കിക്കാണാനാകില്ല. കേരളസമൂഹത്തെ ആകെ ബാധിക്കുന്ന ഗൗരവമുള്ള വിഷയമായാണ് സര്‍ക്കാര്‍ കാണുന്നത്.
ഇത്തവണ പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ത്തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഒന്ന് എക്സിബിഷന്‍റെ കാര്യത്തിലായിരുന്നു. തറവാടകയുമായി ബന്ധപ്പെട്ടതായിരുന്നു ആ വിഷയം. അത് ഗൗരവമുള്ള പ്രശ്നമായി ഉയര്‍ന്നുവന്നു. അതില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കി. ദേവസ്വങ്ങളെല്ലാം അതില്‍ സംതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാരിന്‍റെ ഇടപെടലിനെ നല്ല രീതിയില്‍ പ്രകീര്‍ത്തിച്ച് സംസാരിച്ചു. അതിന്‍റെ തുടര്‍ച്ചയായി ആനകളുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായി. അതും നല്ല രീതിയില്‍ പരിഹരിച്ചു. ഇതിലെല്ലാം സര്‍ക്കാര്‍ സ്വീകരിച്ച് നിലപാട് എല്ലാ വിഭാഗം ജനങ്ങളും അണിചേരുന്ന, ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന പൂരം നാടിന്‍റെ ഏറ്റവും വലിയ ആഘോഷം എന്ന രീതിയില്‍ കുറ്റമറ്റ രീതിയില്‍ നടത്തുക എന്നതാണ്.അതിന് ആവശ്യമായ സൗകര്യവും സഹായവും ചെയ്തുകൊടുക്കാനാണ് എല്ലാ തവണയും സര്‍ക്കാര്‍ ശ്രമിച്ചത്. ഇത്തവണയും ആ നിലയ്ക്ക് തന്നെയാണ് പൂരം സംഘടിപ്പിക്കപ്പെട്ടത്. ഇത്തവണത്തെ പ്രത്യേകത ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അനുബന്ധിച്ചായിരുന്നു പൂരം എന്നതാണ്. ജനങ്ങള്‍ വലിയതോതില്‍ പൂരനഗരിയില്‍ എത്തി ആഘോഷങ്ങളില്‍ പങ്കെടുത്തു.
യഥാര്‍ഥത്തില്‍ പൂരത്തിന്‍റെ അവസാനഘട്ടത്തിലാണ് ചില വിഷയങ്ങള്‍ അവിടെ ഉണ്ടായത്. അതുമായി ബന്ധപ്പെട്ട് പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായി എന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ടു. അങ്ങനെയാണ് സമഗ്രമായ അന്വേഷണം വേണമെന്ന് നിശ്ചയിക്കുകയും എഡിജിപിയെ ചുമതലപ്പെടുത്തുകയും ചെയ്തത്. അന്വേഷണറിപ്പോര്‍ട്ട് സെപ്തംബര്‍ 23നാണ് ഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ചത്. അത് സെപ്റ്റംബര്‍ 24ന് മുഖ്യമന്ത്രിയ്ക്കു ലഭിച്ചു. അതൊരു സമഗ്രമായ അന്വേഷണറിപ്പോര്‍ട്ടായി കരുതാനാവില്ല.
പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ പൂരംനടത്തിപ്പുമായി ബന്ധപ്പെട്ട് അവിടെ ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ട്. സ്ഫോടകവസ്തു നിയമം ഉള്‍പ്പെടെയുള്ള റഗുലേഷനുകള്‍, വകുപ്പുതല മാര്‍ഗനിര്‍ദേശങ്ങള്‍, പുറ്റിങ്ങല്‍ ജുഡീഷ്യല്‍ കമ്മിഷന്‍ ശുപാര്‍ശകള്‍, മറ്റ് നിയമപരമായ നിബന്ധനകള്‍, ഹൈക്കോടതി ഉത്തരവുകള്‍ തുടങ്ങിയവയൊക്കെ നിലവിലുണ്ട്. പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സാമൂഹികാന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അവിടെ നടന്നു.
തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ നടന്ന ശ്രമം അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച്.വെങ്കിടേഷിനെ ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥ വീഴ്ചയിലുള്ള അന്വേഷണത്തിനു മനോജ് എബ്രഹാം നേതൃത്വം നല്‍കും. എഡിജിപി എം.ആര്‍യ. അജിത്കുമാറിന്റെ വീഴ്ച ഡി.ജി.പി അന്വേഷിക്കും.