പൂട്ടിയിട്ട വീട്ടിലെ ഫ്രിഡ്ജില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും; അന്വേഷണം
ചോറ്റാനിക്കര എരുവേലി പാലസ് സ്‌ക്വയറിന് സമീപത്ത് ഇരുപതുവര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്
ചോറ്റാനിക്കര (എറണാകുളം): ചോറ്റാനിക്കരയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിനുള്ളില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ചോറ്റാനിക്കര എരുവേലി പാലസ് സ്‌ക്വയറിന് സമീപത്ത് ഇരുപതുവര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. ഫ്രിഡ്ജില്‍ കവറുകളിലാക്കിയനിലയിലാണ് പോലീസ് ഇവ കണ്ടെടുത്തത്.
കൊച്ചിയില്‍ താമസിക്കുന്ന മംഗലശേരി ഫിലിപ് ജോണിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഡോക്ടറായ ഇദ്ദേഹം വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. ചോറ്റാനിക്കരയിലെ വീട് 20 വര്‍ഷമായി പൂട്ടി കിടക്കുകയായിരുന്നു.
അടഞ്ഞുകിടക്കുന്ന വീട്ടില്‍ സാമൂഹികവിരുദ്ധരുടെ ശല്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് മെമ്പറുടെ ആവശ്യപ്രകാരമാണ് പോലീസ് വീട്ടിനുള്ളില്‍ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെയാണ് ഫ്രിഡ്ജില്‍നിന്ന് അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തിയത്.
ചോറ്റാനിക്കര പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ടോടെ സ്ഥലത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.