പുണെയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു; മൂന്ന് മരണം
പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍ കോപ്ടറാണോ സ്വകാര്യ കോപ്ടറാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിച്ച പോലീസ് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നും വ്യക്തമാക്കി. കോപ്ടറില്‍ ഉണ്ടായിരുന്ന മൂന്നാമത്തെയാളും മരിച്ചതായാണ് പ്രാഥമിക വിവരം. കുന്നില്‍ പ്രദേശത്തായാണ് കോപ്ടര്‍ തകര്‍ന്നുവീണത്. സംഭവസമയത്ത് ഇവിടെ കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരുന്നു. ഇതാവാം കോപ്ടര്‍ അപകടത്തില്‍ പെടാന്‍ കാരണം, പുണെയിലെ പിംപ്രി ചിന്‍ച്‌വാദ് പോലീസ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കന്‍ഹയ്യ തോറട്ട് പറഞ്ഞു.
ഓക്‌സ്‌ഫോര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്റെ ഹെലിപാഡില്‍ നിന്നാണ് കോപ്ടര്‍ പറന്നുയര്‍ന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹെലികോപ്ടര്‍ പൂര്‍ണമായും തകര്‍ന്നതായും അപകടസ്ഥലത്ത് ഇപ്പോഴും തീ അണഞ്ഞിട്ടില്ല എന്നുമാണ് സംഭവസ്ഥലത്ത് നിന്നും പുറത്തുവരുന്ന വിവരങ്ങൾ.