ഹേമ കമ്മീഷന്‍ : ദേശീയ വനിതാ കമ്മീഷന്‍ കേരളത്തിലേക്ക്; പരാതിക്കാരില്‍ നിന്ന് മൊഴിയെടുക്കും
ന്യൂഡല്‍ഹി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് കടുപ്പിച്ച് ദേശീയ വനിതാ കമ്മീഷന്‍. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തി പരാതിക്കാരില്‍ നിന്ന് മൊഴിയെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ നീക്കം.
സന്ദർശനം ഉടൻ ഉണ്ടാകുമെന്ന് ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു. കൂടുതൽ പരാതി ഉള്ളവർക്ക് നേരിട്ട് സമീപിക്കാമെന്നും ദേശീയ വനിതാ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം നൽകണമെന്ന് ദേശീയ വനിതാ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന് മറുപടി പോലും ലഭിച്ചില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ പറയുന്നു.
ഹേമ കമ്മിറ്റിക്ക് മുന്നില്‍ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണസംഘം വിലയിരുത്തിയിരുന്നു. മൊഴി നൽകിയവരെ നേരിട്ട് ബന്ധപ്പെടാനാണ് എസ്ഐടിയുടെ തീരുമാനം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മാസം മൂന്നാം തീയതിക്കുള്ളില്‍ കേസെടുക്കും. മൊഴി നൽകിയ നടിമാര്‍ അടക്കമുള്ളവരെ കണ്ടെത്താനുള്ള ചുമതല എസ്‌ഐടിയിലെ അംഗങ്ങള്‍ക്ക് വിഭജിച്ച് നല്‍കിയിട്ടുണ്ട്.