വയനാട്ടില്‍ കേന്ദ്രസഹായം വൈകുന്നതെന്ത്?; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലെയെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒക്ടോബര്‍ 18നകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കേന്ദ്രസഹായത്തെ ബാധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എസ്റ്റിമേറ്റ് കണക്കുകളിലെ തെറ്റായ വാര്‍ത്തയില്‍ മാധ്യമങ്ങളെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രത്യേകമായ ശ്രദ്ധവേണമെന്ന് കോടതി മാധ്യമങ്ങളോട് പറഞ്ഞു.

ദുരന്തഭൂമിയുടെ അവസ്ഥ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ?. ആ ഭൂമി വീണ്ടെടുക്കേണ്ടതല്ലെയെന്നും അവിടെക്കായി എന്തെങ്കിലും ചെയ്തുകൂടെയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പിഎം ദുരിതാശ്വാസ ഫണ്ട് എന്നിവയില്‍ നിന്ന് ഇതുവരെ കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കോടതി കേന്ദ്രത്തില്‍ നിന്ന് വിശദീകരണം തേടിയത്.

Related Articles
Next Story