മലപ്പുറം എസ്പി ശശിധരനെതിരെ പരസ്യമായ അധിക്ഷേപം; പി വി അന്‍വറിന് എതിരെ ഐപിഎസ് അസോസിയേഷന്‍; മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കും

എസ് ശശിധരന്‍ ഐപിഎസിനെ അധിക്ഷേപിച്ച പി വി അന്‍വര്‍ എം എല്‍ എക്കെതിരെ ഐ പി എസ് അസോസിയേഷന്‍

മലപ്പുറം പൊലിസ് അസോസിയേഷന്‍ യോഗത്തില്‍ ജില്ലാ പൊലിസ് മേധാവി എസ് ശശിധരന്‍ ഐപിഎസിനെ അധിക്ഷേപിച്ച പി വി അന്‍വര്‍ എം എല്‍ എക്കെതിരെ ഐ പി എസ് അസോസിയേഷന്‍ രംഗത്തെത്തി. സേനാംഗങ്ങളുടെ യോഗത്തില്‍ വച്ച് വ്യക്തിപരമായി ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് അസോസിയേഷന്‍ അംഗങ്ങളുടെ ആവശ്യം. പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കും, സ്പീക്കര്‍ക്കും നല്‍കണമെന്ന് അസോസിയേഷന്‍ ഭാരവാഹികളെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. എസ് പി ശശിധരനെതിരായ അധിക്ഷേപത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും നീക്കമുണ്ട്.



എസ്പി പരിപാടിയില്‍ എത്താന്‍ വൈകിയതിലായിരുന്നു അന്‍വറിന്റെ വിമര്‍ശനം. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാന്‍ പൊലീസില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും എം.എല്‍.എ ആരോപിച്ചു. പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനവേദിയിലാണ് മലപ്പുറം എസ്.പി. എസ്.ശശിധരന്‍ ഐ.പി.എസിനെ എം.എല്‍.എ. രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഇതിനുപിന്നാലെ ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കേണ്ടിയിരുന്ന എസ്.പി. ഒറ്റവാക്കില്‍ പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടു.

സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു പി.വി.അന്‍വര്‍. പരിപാടിക്ക് എസ്.പി.യെ കാത്തിരിക്കേണ്ടിവന്നതായിരുന്നു എം.എല്‍.എ.യെ ചൊടിപ്പിച്ചത്. ഐ.പി.എസ്. ഓഫീസര്‍മാരുടെ പെരുമാറ്റം പോലീസ് സേനയ്ക്ക് നാണക്കേടാണെന്ന് പറഞ്ഞാണ് എം.എല്‍.എ. തുടങ്ങിയത്. തന്റെ പാര്‍ക്കിലെ 2500 കിലോ ഭാരമുള്ള റോപ്പ് മോഷണംപോയിട്ട് പ്രതിയെ കണ്ടുപിടിക്കാത്തതും പോലീസിന്റെ പരിശോധനയുമെല്ലാം പ്രസംഗത്തില്‍ പരാമര്‍ശിച്ച എം.എല്‍.എ, എസ്.പി. വരാന്‍ വൈകിയതിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

Related Articles
Next Story