ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ഖലിസ്ഥാന്‍ വാദികളെ കൂട്ടുപിടിച്ചുകൊണ്ടുള്ള യുഎസ് തന്ത്രത്തിന് ചുട്ടമറുപടി കൊടുക്കാന്‍ ഇന്ത്യ ; ഇന്ത്യയുടെ ചൈനീസ് ചങ്ങാത്തം മറ്റൊരു മോദീ തന്ത്രമോ ?

അതിർത്തിയിൽ സമാധാനം നിലനിറുത്തുന്നതിന് മുൻഗണന,​ പരസ്പര സഹകരണത്തിന് ഇന്ത്യയും ചൈനയും,​ അമേരിക്കയെ ഞെട്ടിച്ച ഇന്ത്യ-ചൈന അതിർത്തിക്കരാർ

ചൈനയുമായുള്ള ശത്രുതയ്‌ക്ക് അയവ് വരുത്തിക്കൊണ്ടും കൂടെക്കൂടെ റഷ്യന്‍ നേതാവായ പുടിനുമായി കൂടിക്കാഴ്ച നടത്തിയും മോദി യുഎസിന് ഒരു പരോക്ഷ സന്ദേശം നല്‍കുകയാണോ? ഇന്ത്യയെ തഴ‍ഞ്ഞാല്‍ ഇന്ത്യയും തഴയും എന്ന വലിയ താക്കീതാണോ മോദി സര്‍ക്കാര്‍ നല്‍കുന്നതെന്ന് പലരും സംശയിക്കുന്നു.

ഖലിസ്ഥാന്‍ വാദികളിലൂടെ ഇന്ത്യയെ വെല്ലുവിളിക്കുന്ന യുഎസ് തന്ത്രം കഴിഞ്ഞ കുറച്ചുനാളുകളായി പാരമ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ യാത്രാവിമാനങ്ങള്‍ക്കെതിരെ വരെ ഭീഷണി മുഴക്കുന്ന ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ യുഎസില്‍ വധിക്കാന്‍ ശ്രമിച്ചത് ഇന്ത്യയുടെ ഇന്‍റലിജന്‍സ് ഏജന്‍സിയുടെ അറിവോടെയാണെന്ന ആരോപണം യുഎസ് കൂടുതല്‍ ശക്തമായി ഉയര്‍ത്തുന്നത് ഇന്ത്യയെ പ്രതിരോധത്തിലാക്കാനാണെന്ന് ഉറപ്പ്. എന്തിനാണ് ഇന്ത്യയുടെ താല്‍പര്യങ്ങളെ ഹനിക്കാന്‍ വെമ്പൽ കൊള്ളുന്ന ഒരു ഖലിസ്ഥാന്‍ തീവ്രവാദിക്ക് വേണ്ടി യുഎസ് ഇത്രയും ശക്തമായി പണിയെടുക്കുന്നത് എന്ന ചോദ്യം ആശങ്ക ഉളവാക്കുന്നു.

മൂന്നാം ലോകരാജ്യങ്ങളിലെ ശക്തമായ സര്‍ക്കാരുകളെ അട്ടിമറിച്ച്‌ പാവ സര്‍ക്കാരുകളെ അധികാരത്തിലേറ്റുന്ന യുഎസ് തന്ത്രം മുല്ലപ്പൂ വിപ്ലവും മുതല്‍ നമ്മള്‍ കണ്ടതാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കയുടെ ഇംഗിതത്തിന് വഴങ്ങാത്ത ഷേഖ് ഹസീനയുടെ ഭരണത്തെ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെയുള്ള വിദ്യാര്‍ത്ഥി കലാപത്തിലൂടെ വലിച്ചെറിഞ്ഞത്. ഡീപ് സ്റ്റേറ്റിന്റെ മറ്റൊരു തന്ത്രം തന്നെയാണ് മോദി സര്‍ക്കാരിനെ ഖലിസ്ഥാനുമായി ഏറ്റുമുട്ടിക്കുന്ന പുതിയ സംഭവവികാസങ്ങള്‍.

യാതൊരു തെളിവും കൈവശമില്ലാതെ കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഉള്‍പ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഖലിസ്ഥാന്‍ തീവ്രവാദിയായ നിജ്ജാര്‍ കാനഡയില്‍ വധിക്കപ്പെട്ടതിന് ബന്ധമുണ്ടെന്ന് കാനഡ ആരോപിക്കുന്നത് യുഎസിന്റെ ബലത്തിലാണെന്ന് വ്യക്തം


കടുത്ത ഖലിസ്ഥാന്‍ വാദിയായ നിജ്ജാര്‍ ഇന്ത്യ വിചാരണ ചെയ്യാന്‍ ആവശ്യപ്പെടുന്ന കുറ്റവാളിയാണ് എന്ന് കൂടി ഓര്‍ക്കുക. ഇന്ത്യയിലെ ശക്തമായ ഭരണത്തെ ദുര്‍ബലപ്പെടുത്തുക എന്നല്ലാതെ അതിന് പിന്നില്‍ മറ്റൊരു ലക്ഷ്യവുമില്ല എന്ന് വ്യക്തം.

ഇതോടെയാണ് ഉക്രൈന്‍ യുദ്ധസാഹചര്യത്തില്‍ ചൈനയോടുള്ള ശത്രുതയില്‍ ഇളവ് വരുത്തി സൗഹൃദത്തിന്റെ സൂചനകള്‍ നല്‍കി ഇന്ത്യ മുന്നേറുന്നതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടോ എന്ന് ചില വിദേശരാഷ്‌ട്രീയം വിശകലനം ചെയ്യുന്നവര്‍ സംശയിക്കുന്നു. അതുപോലെ റഷ്യയുടെ വ്ളാഡിമിര്‍ പുടിനുമായുള്ള മോദിയുടെ സൗഹൃദവും യുഎസിന് ഉള്ള താക്കീതാകാം എന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്തകാലത്ത് ഇന്ത്യ നേടിയ വമ്പൻ നയതന്ത്ര വിജയങ്ങളിലൊന്നാണ് ഇന്ത്യ-ചൈന അതിർത്തി സംഘ‌ർഷത്തിനുണ്ടായ അയവ്.ധാർഷ്‌ട്യത്തോടെ മാത്രം പെരുമാറുന്ന ചൈനയെ ചർച്ചയിലേക്ക് കൊണ്ടുവരാനും ഇരുരാജ്യങ്ങളുടെയും അതിർത്തിയായ 3488 കിലോമീറ്റർ നീളമുള്ള യഥാർത്ഥ നിയന്ത്രണ രേഖയില്‍ പട്രോളിംഗിനുള്ള കരാറിലേക്ക് കൊണ്ടുവരാനുമായത് ഇന്ത്യയുടെ വിജയമാണ്.

നിലവില്‍ 2020ല്‍ സംഘർഷമുണ്ടായ രണ്ട് ഭാഗങ്ങളില്‍ മാത്രമാണ് ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനം ഉണ്ടാകാത്തത്. ഡെപ്‌സാംഗ്, ഡെംചോക്ക് എന്നീ പ്രദേശങ്ങളാണിവ. ഗോഗ്ര ഹോട്ട്‌സ്‌പ്രിംഗ്‌സ്, പാംഗോംഗ് ലേക്ക്, ഗാല്‍വാൻ താഴ്‌വര എന്നിങ്ങനെ ഇരു സേനാവിഭാഗവും നേരിട്ട് ഏറ്റുമുട്ടിയ പ്രദേശങ്ങളില്‍ പ്രശ്‌നപരിഹാരം ഉണ്ടായിക്കഴിഞ്ഞു.

വടക്കൻ ലഡാക്കിലെ ഡെപ്‌സാംഗ് സമതല പ്രദേശവും തെക്കുള്ള ഡെംചോക്കുമാണ് ഇരു രാജ്യങ്ങളും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന ഭാഗം. ഒരുവ‌ർഷം മുൻപുവരെ ഈ പ്രദേശങ്ങളെക്കുറിച്ച്‌ ചർച്ച ചെയ്യാൻ പോലും ചൈന തയ്യാറായിരുന്നില്ല.

പാകിസ്ഥാനും ചൈനയുമായുള്ള ഇന്ത്യയുടെ സംഘർഷങ്ങളില്‍ അയവ് വന്നതിനു പിന്നില്‍ റഷ്യയ്ക്കും നിർണായക പങ്കുണ്ടെന്ന് വിദഗ്ദ്ധർ നിരീക്ഷിക്കുന്നു.

Related Articles
Next Story