റിക്രൂട്ട് ചെയ്തത് 2000 പേരെ, 2 വർഷമായിട്ടും ജോലിയില്ല; ഇൻഫോസിസിനെതിരെ കേന്ദ്രത്തിന് പരാതി

ബെംഗളൂരു: ക്യാംപസുകളിൽനിന്ന് രണ്ടായിരത്തിലധികം പേരെ റിക്രൂട്ട് ചെയ്ത് 2 വർഷം പിന്നിട്ടിട്ടും ഇൻഫോസിസ് ജോലി നൽകിയില്ലെന്ന പരാതിയുമായി ഐടി ജീവനക്കാരുടെ സംഘടന വീണ്ടും കേന്ദ്ര തൊഴിൽ മന്ത്രാലയത്തെ സമീപിച്ചു. പുണെ ആസ്ഥാനമായുള്ള നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്സ്) നൽകിയ പരാതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ മാസം കർണാടക സർക്കാരിന് കേന്ദ്ര തൊഴിൽ മന്ത്രാലയം നിർദേശം നൽകിയിരുന്നു.

എന്നാൽ കർണാടക തൊഴിൽ വകുപ്പ് വളരെ നിരുത്തരവാദപരമായാണു വിഷയത്തെ സമീപിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് നൈറ്റ്സ് ഇന്നലെ വീണ്ടും കേന്ദ്രത്തെ സമീപിച്ചത്. 2022 മുതൽ റിക്രൂട്ട് ചെയ്ത ബിരുദധാരികൾക്ക് ജോലി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 20നാണ് ഇവർ ആദ്യം പരാതി നൽകിയത്. സിസ്റ്റം എൻജിനീയർ, ഡിജിറ്റൽ സ്പെഷൽ എൻജിനീയർ തസ്തികയിലേക്കാണ് ഇൻഫോസിസ് 2022–23ൽ ക്യാംപസ് റിക്രൂട്മെന്റ് നടത്തിയത്. 2022 ഏപ്രിലിൽ തന്നെ ഓഫർ ലെറ്റർ ലഭിച്ചവർക്കാണ് ഇനിയും ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കാത്തതെന്നാണു പരാതി.


Related Articles
Next Story