'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട്; റിബേഷിനെതിരെ വകുപ്പുതല അന്വേഷണം

പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് വടകര ലോക്‌സഭാ മണ്ഡലത്തില്‍ 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തില്‍ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യസ ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫിലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തോടന്നൂര്‍ ആറങ്ങോട് എംഎല്‍പി സ്‌കൂളിലെ അധ്യാപകനായ റിബേഷ് ഡിവൈഎഫ്‌ഐ നേതാവ് കൂടിയാണ്. സര്‍വീസ് ചട്ടം ലംഘിച്ചു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയല്‍ പ്രവര്‍ത്തിച്ചുവെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ പേരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജയെ 'കാഫിര്‍' എന്നു വിളിച്ചു കൊണ്ടുള്ള സ്‌ക്രീന്‍ഷോട്ടാണ് പ്രചരിപ്പിച്ചത്.

'കാഫിര്‍' സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ല. ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. അന്വേഷണത്തിന്റെ ദിശ സംബന്ധിച്ച് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ഏത് ദിശയില്‍ വേണമെങ്കിലും അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു. എന്നാല്‍ വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ണമായും നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു.

Related Articles
Next Story