സിറിയയിൽ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇസ്രായേൽ; ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഡമാസ്‌കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന എൻജിഒ ആണ് ഈ വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ ആഴ്ച ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ല കൊല്ലപ്പെടുന്നത്.
ദമാസ്‌കസിലെ മാസെ ജില്ലയിൽ ഒരു റസിഡൻഷ്യൽ അപ്പാർട്‌മെന്റിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഹസൻ നസ്‌റല്ലയുടെ മരുമകൻ ഹസൻ ജാഫർ അൽ ഖാസിർ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഹിസ്ബുള്ള ഭീകരരുമായി അടുത്ത ബന്ധമുള്ള ചില വൃത്തങ്ങളും ഈ വിവരം സ്ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സൈനികരുടെ മരണത്തിൽ ഇസ്രയേലിന്റെ തിരിച്ചടി; ബെയ്റൂട്ടിൽ ആക്രമണം, 6 പേർ കൊല്ലപ്പെട്ടു
ഇസ്രയേലിൽ ചൊവ്വാഴ്ച രാത്രി ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ മധ്യപൂർവദേശത്തു സ്ഥിതി കൂടുതൽ വഷളാക്കവേ, ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങി ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരുക്കേറ്റു. ഇസ്രയേലിന്റെ ആക്രമണങ്ങളെ തുടർന്ന് ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങൾക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി പറഞ്ഞു
ഹിസ്ബുല്ലയെ നേരിടാൻ ലബനനിലേക്കു കരമാർഗം നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 8 സൈനികരെ നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. അതിർത്തി പട്ടണമായ മറൂൺ എൽ റാസിനു സമീപം റോക്കറ്റുകൾ ഉപയോഗിച്ച് 3 ഇസ്രയേലി മെർക്കാവ ടാങ്കുകളെ നശിപ്പിച്ചതായി ഹിസ്ബുല്ല അറിയിച്ചു. ആക്രമണത്തിനിടെ 8 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ലബനൻ യുദ്ധമുഖത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേൽ നേരിട്ട ഏറ്റവും വലിയ ആൾനാശമാണിത്. കൂടുതൽ സൈനികർ ലബനനിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ 24 ഗ്രാമങ്ങളിൽനിന്നു കൂടി ജനങ്ങൾ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ മുന്നറിയിപ്പു നൽകി.