കുത്തനെ ഇറക്കവും വളവുകളും ഉള്ള റോഡ് : നാടകസംഘം സഞ്ചരിച്ചത് ബസുകൾ പോകാത്ത വഴി ; ചതിച്ചത് ഗൂഗിൾ മാപ്പെന്ന് നാട്ടുകാർ
കണ്ണൂർ : നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള യാത്രയെന്ന് നാട്ടുകാര്‍. മലയാംപടിയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. മാപ്പിൽ കാണിച്ച എളുപ്പ വഴിയിലുടെയാണ് ബസ് പോയത്. വലിയ ബസ്സുകൾക്ക് പോകാൻ സാധിക്കാത്ത ഇടുങ്ങിയ വഴിയാണ്. കുത്തനെ ഇറക്കവും വളവുകളും ഉണ്ട്
ഗൂഗിൾ മാപ്പിന്റെ നിർദ്ദേശം അനുസരിച്ച് ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് എന്ന നാടക സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
14 പേരാണ് നാടക സംഘത്തിലുണ്ടായിരുന്നത്.കായംകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി സ്വദേശി ജെസ്സി മോഹൻ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 9 പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ നില ഗുരുതരമാണ്. കടന്നപ്പള്ളിയിൽ നാടകം അവതരിപ്പിച്ച ശേഷം സുൽത്താൻ ബത്തേരിയിലേക്ക് പേകും വഴിയാണ് അപകടം.