എഡിഎമ്മിന്റെ മരണം: നാളെ കൂട്ട അവധിയെടുക്കാൻ റവന്യൂ ജീവനക്കാർ; സംസ്ഥാന വ്യാപകമായി പ്രതിഷേധം; സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റിയേക്കും

പി.പി. ദിവ്യ പരസ്യമായി അപമാനിച്ചതിൽ മനംനൊന്ത് എഡിഎം നവീൻ ബാബു മരിച്ച സംഭവത്തിൽ റവന്യൂ ജീവനക്കാർ കൂട്ട അവധിയിലേക്ക്. നാളെ സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് റവന്യൂ ജീവനക്കാരുടെ തീരുമാനം. ജീവനക്കാർ മിക്കയിടത്തും അവധിക്ക് അപേക്ഷ നൽകി

സർവ്വീസ് സംഘടനകളുടെ മേൽവിലാസമില്ലാതെ സ്വമേധയാ എല്ലാ ജീവനക്കാരും പ്രതിഷേധത്തിൽ പങ്കെടുക്കും. ഓരോ ജില്ലയിലും താലൂക്ക്, വില്ലേജ് ഓഫീസുകളിൽ ഉൾപ്പെടെ ആയിരത്തിലധികം റവന്യൂ ജീവനക്കാരാണുളളത്. ഇവരെല്ലാം ഒരുമിച്ച് അവധിയെടുക്കുന്നതോടെ പതിനയ്യായിരത്തിലധികം ജീവനക്കാരാണ് ഒറ്റ ദിവസം സർക്കാർ ഓഫീസുകളിൽ നിന്ന് മാറി നിൽക്കുക. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ തന്നെ പ്രതിഷേധം താളം തെറ്റിക്കും.

എന്നാൽ എഡിഎമ്മിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. സംഭവത്തിൽ പിപി ദിവ്യയ്‌ക്കെതിരെ ജീവനക്കാർ രംഗത്തെത്തിയിരുന്നു. മിക്ക ജില്ലകളിലും സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ കളക്ടറേറ്റുകളും മിനി സിവിൽ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പ്രതിഷേധം നടന്നിരുന്നു. കേരള എൻജിഒ സംഘ് ഉൾപ്പെടെയുളള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കുറ്റക്കാരെ നരഹത്യകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നാട്ടിൽ പോലും സർക്കാർ ഓഫീസിനുള്ളിൽ ഉദ്യോഗസ്ഥന് അതിക്രമം നേരിടേണ്ടി വരുന്നു എന്നത് ഏറെ ഗൗരവതരമാണെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.

തിങ്കളാഴ്ച നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിനിടെയാണ് പിപി ദിവ്യ പരിപാടിയിലേക്ക് എത്തി എഡിഎം അഴിമതിക്കാരനാണെന്ന തരത്തിൽ പരാമർശം നടത്തിയത്. പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് എഡിഎമ്മിനെ വിളിച്ചുവെന്നും അനുകൂല നടപടി ഉണ്ടായില്ലെന്നുമായിരുന്നു പരാതി. സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകുന്നതിന് മുൻപാണ് എൻഒസി നൽകിയതെന്നും അത് എങ്ങനെയെന്ന് തനിക്ക് അറിയാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നു. സഹപ്രവർത്തകരുടെ മുൻപിൽ വെച്ച് അപമാനിതനായതിലുളള വേദന എഡിഎമ്മിന്റെ മുഖഭാവത്തിൽ അപ്പോൾ തന്നെ പ്രകടമായിരുന്നു. ഇതിന് പിന്നാലെയാണ് രാത്രിയോടെ അദ്ദേഹം ജീവനൊടുക്കിയത്.

Related Articles
Next Story