സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു നിരന്തരം അമ്മായിഅമ്മ പോര്; ‘മരിക്കുകയല്ലാതെ വഴിയില്ല, എച്ചിൽ പാത്രത്തിൽനിന്ന് കഴിക്കാൻ നിർബന്ധിച്ചു’...അമ്മേ... എന്ന് സന്ദേശം; അധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ

നാഗർകോവിൽ ∙ സ്ത്രീധന പീഡനത്തിന്റെ പേരിൽ മലയാളി കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയെ(25) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 6 മാസം മുൻപായിരുന്നു തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃമാതാവുമായി നിരന്തരം വഴക്കുണ്ടായിരുന്നതായാണു വിവരം.

ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിലാണു ശ്രുതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ വഴക്കുണ്ടാക്കി. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കാൻ ഇവർ നിർബന്ധിച്ചെന്നും ശബ്ദസന്ദേശത്തിൽ ശ്രുതി പറയുന്നുണ്ട്. ശ്രുതിയുടെ കുടുംബം ‌‍കോയമ്പത്തൂരിൽ സ്ഥിരതാമസമാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശ്രുതിയുടെ പിതാവ് കോയമ്പത്തൂരില്‍ തമിഴ്‌നാട് വൈദ്യുതി വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. ശ്രുതിയുടെ ഭര്‍ത്താവ് കാര്‍ത്തി ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ്. കാര്‍ത്തിയുടെ പിതാവ് നേരത്തേ മരിച്ചു പോയിരുന്നു. ഭര്‍ത്താവിനൊപ്പം വീടിനു പുറത്തു പോകാന്‍ അനുവദിക്കുന്നില്ലെന്നും ഭര്‍ത്താവിന്റെ അമ്മ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശ്രുതിയുടേതായി പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നു. സംഭവത്തില്‍ എഡിഎം അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Related Articles
Next Story