കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണത്തിന് അനുമതി തേടി പോലീസ് കോടതിയിലേക്ക്
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ് നാളെ കോടതിയെ സമീപിക്കും. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. അന്വേഷണസംഘം തുടരന്വേഷണത്തിന് നാളെ കോടതിയിൽ അപേക്ഷ നൽകും.
കേസിൽ തുടരന്വേഷണം നടത്തുന്നതിന് തടസ്സമില്ലെന്ന് അന്വേഷണസംഘത്തിന് നിയമോപദേശം ലഭിച്ചിരുന്നു. അതേസമയം ഔദ്യോഗികമായി സർക്കാർ ഇതുവരെയും അന്വേഷണസംഘത്തെ പ്രഖ്യാപിച്ചിട്ടില്ല. ഇന്നോ നാളെയോ അന്വേഷണസംഘത്തെ പ്രഖ്യാപിച്ചേക്കും. അതിനുശേഷമാകും അന്വേഷണസംഘത്തിന്റെ പ്രത്യേക യോഗം ചേരുക. പുനരന്വേഷണം വരുമെങ്കിൽ എല്ലാ കാര്യങ്ങളും പറയുമെന്ന് പുതിയ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആദ്യം തന്നെ സതീശന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്താനാണ് സാധ്യത.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണസമയത്തായിരുന്നു കൊടകര കുഴൽപ്പണകേസിന് തുടക്കമിട്ട കവർച്ചാസംഭവം. പൊലീസ് അന്വേഷണത്തിലെ നടപടികളിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചെങ്കിലും കേസ് പാതിവഴിയിൽ നിലച്ചമട്ടായിരുന്നു. ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് കുഴൽപ്പണക്കേസ് വീണ്ടും ചർച്ചാവിഷയമായത്.