കുവൈത്തില്‍ മലയാളികള്‍ തട്ടിയത് 700 കോടി: വന്‍ ആസൂത്രണം; അധികവും നഴ്സുമാര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളുടെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പ്. കുവൈത്തില്‍ ഉടനീളം പ്രവർത്തിക്കുന്ന ഗള്‍ഫ് ബാങ്കില്‍ നിന്നും 700 കോടി രൂപയോളമാണ് മലയാളികള്‍ തട്ടിയെടുത്തത്.

സംഭവത്തില്‍ കുവൈത്ത് പൊലീസ് നടപടികള്‍ ആരംഭിച്ചു. 1425 മലയാളികളാണ് ബാങ്കിനെ കബളിപ്പിച്ച്‌ പണവുമായി രാജ്യത്ത് നിന്നും കടന്നിരിക്കുന്നതെന്ന് കുവൈത്ത് ബാങ്ക് അധികൃതർ കേരള പൊലീസിനെ അറിയിച്ചു. തട്ടിപ്പ് നടത്തിയവരില്‍ 700 ഓളം പേർ നഴ്സുമാരാണ്.

ബാങ്കില്‍ നിന്നും വന്‍തുക വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ വിദേശത്തേക്ക് കടക്കുകയായിരുന്നു ഇവർ. തട്ടിപ്പ് നടത്തിയവരില്‍ ചിലർ കേരളത്തിലേക്ക് മടങ്ങിയപ്പോള്‍ മറ്റ് ചിലർ അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും കുടിയേറി. എല്ലാവരുടേയും മേല്‍വിലാസം അടക്കമുള്ള വിവരങ്ങാണ് ബാങ്ക് സംസ്ഥാന പൊലീസിന് കൈമാറിയിരിക്കുന്നത്.

കുവൈത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തും നടപടികള്‍ ആരംഭിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകള്‍ രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് ദക്ഷിണ മേഖലാ ഐജിയുടെ മേല്‍ നോട്ടമുണ്ടാകും.

കേരളത്തിലെത്തിയ കുവൈത്ത് ബാങ്ക് അധികൃതർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ആദ്യം ഡി ജി പിയെ കണ്ട ഉദ്യോഗസ്ഥർ പിന്നാലെ എഡി ജി പിയുമായും കൂടിക്കാഴ്ച നടത്തി. തുടർന്ന് എ ഡി ജി പി മനോജ് എബ്രഹാമിന് രേഖാമൂലം പരാതി നല്‍കി. വിലാസം അടക്കം നല്‍കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്ത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പാശ്ചാത്യ കുടിയേറ്റ പ്രവണത കൂടുതല്‍ ശക്തമായ 2020-22 കാലത്താണ് തട്ടിപ്പ് നടന്നത്. കുവൈത്ത് സർക്കാറിന് കീഴില്‍ ജോലി ചെയ്യുന്നവും മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്സുമാരായി ജോലി ചെയ്തിരുന്നവരും ബാങ്കില്‍ നിന്നും വലിയ തോതില്‍ വായ്പ എടുക്കുകയായിരുന്നു. ആസൂത്രിതമായ നീക്കം ഇതിന് പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്.

വലിയ തുക വായ്പയായി ലഭിക്കണമെങ്കില്‍ മികച്ച ക്രെഡിറ്റ് സ്കോർ ആവശ്യമാണ്. ഇതിനായി ആദ്യം ബാങ്കില്‍ നിന്നും ചെറിയ തുക വായ്പ എടുത്ത് കൃത്യമായി തിരിച്ച്‌ അടയ്ക്കും. അടവ് കൃത്യമാകുന്നതോടെ ക്രെഡിറ്റ് സ്കോർ ഉയരുകയും അതിന് അനുസരിച്ചുള്ള വായ്പ രണ്ടാം ഘട്ടത്തില്‍ ലഭിക്കും. രാജ്യം വിടാനുള്ള ഒരുക്കങ്ങളോടൊപ്പം തന്നെയാകും ഈ ആസൂത്രണം. ഒടുവല്‍ വന്‍തുക വായ്പ എടുത്ത് രാജ്യം വിടും.

ആദ്യം കുറച്ചുപേർ മാത്രമായിരുന്നു തട്ടിപ്പ് നടത്തിയത്. ഇവരില്‍ നിന്ന് തട്ടിപ്പിനുള്ള പഴുത് മനസ്സിലാക്കിയ കൂടുതല്‍ മലയാളികള്‍ ബാങ്കിനെ പറ്റിക്കുകയായിരുന്നു. വായ്പാ തിരിച്ചടവ് കൂട്ടത്തോടെ മുടങ്ങിയതോടെ കുവൈത്ത് ബാങ്ക് അധികൃതർ അന്വേഷണം തുടങ്ങി. ആദ്യം അസ്വാഭാവികതയൊന്നും തോന്നിയില്ല. എന്നാല്‍ ആയിരത്തിലേറെപ്പേർ കേരളത്തില്‍ നിന്ന് മാത്രമാണ് കണ്ടെത്തിയതോടെ ആസൂത്രിതമായ നീക്കമാണ് തട്ടിപ്പിന് പിന്നിലെന്ന സംശയം ശക്തമായി.

തട്ടിപ്പ് നടത്തിയവരില്‍ കുറച്ചുപേർ കേരളത്തിലേക്ക് മടങ്ങിയതായും ബാങ്ക് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ബാങ്ക് അധികൃതർ കേരത്തിലെത്തി പരാതി നല്‍കാന്‍ തീരുമാനിച്ചത്.

Related Articles
Next Story