ചാര്‍ജ് മെമ്മോയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി എന്‍ പ്രശാന്ത്; ഐഎഎസ് പോരില്‍ അസാധാരണ നടപടി
അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ചിരിക്കുകയാണ് സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത്
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പോരില്‍ അസാധാരണ നടപടിയുമായി എന്‍ പ്രശാന്ത്. അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ചിരിക്കുകയാണ് എന്‍ പ്രശാന്ത്.
അഡി.ചീഫ് സെക്രട്ടറി എ.ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ.ഗോപാലകൃഷ്ണനെയും സമൂഹമാധ്യമത്തിൽ വിമർശിച്ചതിന് സസ്പെൻഷനിലാണ് പ്രശാന്ത്. ചീഫ് സെക്രട്ടറി നൽകിയ മെമ്മോയ്ക്ക് മറുപടി നൽകാതെയാണ് തിരികെ വിശദീകരണം ചോദിച്ചത്. ഡിസംബർ 16നാണ് പ്രശാന്ത് വിശദീകരണം ചോദിച്ചത്. സർക്കാർ മറുപടി നൽകിയിട്ടില്ല.
തനിക്കെതിരെ ജയതിലകോ ഗോപാലകൃഷ്ണനോ പരാതി നൽകിയിട്ടില്ലെന്ന് പ്രശാന്ത് കത്തിൽ ചൂണ്ടിക്കാട്ടി. പരാതിക്കാരില്ലാതെ സർക്കാർ സ്വന്തം നിലയ്ക്ക് മെമ്മോ നൽകിയത് എന്തിനാണെന്ന് പ്രശാന്ത് ചോദിക്കുന്നു. കത്തിലെ പ്രധാന ചോദ്യങ്ങൾ: സസ്പെൻഷനു മുന്‍പ് തന്റെ ഭാഗം കേൾക്കാത്തത് എന്തു കൊണ്ടാണ്? ചാർജ് മെമ്മോയ്ക്ക് ഒപ്പം അയച്ച തന്റെ സമൂഹമാധ്യമ പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് ആരാണ് ശേഖരിച്ചത്? ഏത് സർക്കാർ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽനിന്നാണ് സ്ക്രീൻഷോട്ടുകൾ ശേഖരിച്ചത്? ഏത് ഉദ്യോഗസ്ഥനെയാണ് സ്ക്രീൻ ഷോട്ടുകൾ ശേഖരിക്കാനായി ചുമതലപ്പെടുത്തിയത്? തനിക്ക് കൈമാറിയ സ്ക്രീൻഷോട്ടിൽ കാണുന്നത് ഒരു സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടാണ്. അങ്ങനെയാണെങ്കിൽ സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിൽനിന്നാണ് ചാർജ് മെമ്മോ നൽകിയിരിക്കുന്നത്? സ്വകാര്യ വ്യക്തി ശേഖരിച്ച സ്ക്രീൻഷോട്ടുകൾ എങ്ങനെയാണ് സർക്കാർ ഫയലിൽ കടന്നുകൂടിയത്? ഐടി നിയമപ്രകാരം സർട്ടിഫൈ ചെയ്ത് കൃത്രിമം ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ടാണോ ഡിജിറ്റൽ സ്ക്രീൻ ഷോട്ടുകൾ ശേഖരിച്ചത്?
ഈ ചോദ്യങ്ങൾക്കെല്ലാം ചീഫ് സെക്രട്ടറി മറുപടി നൽകണമെന്നാണ് പ്രശാന്ത് കത്തിലൂടെ ആവശ്യപ്പെടുന്നത്. മതാടിസ്ഥാനത്തിൽ ഐഎഎസുകാരുടെ വാട്‌സാപ് ഗ്രൂപ്പുകൾ രൂപീകരിച്ചതിനു വ്യവസായ ഡയറക്ടർ കെ.ഗോപാലകൃഷ്ണനെയും, ധന അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിനു കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനെയും നവംബർ 11നാണ് സസ്പെൻഡ് ചെയ്തത്. കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കുകയായിരുന്നു.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകർക്കാൻ ശ്രമിച്ചെന്നു ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. 2007 ബാച്ച് ഉദ്യോഗസ്ഥനാണ് പ്രശാന്ത്.