ആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റുപരിക്കുകളില്ല എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പിന്നെ അടിവസ്ത്രത്തിലെ രക്തക്കറ എങ്ങനെ വരും? പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെ നവീന്റെ ബന്ധുക്കള്‍
കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വരുമോ എന്ന് ഹൈക്കോടതി തീരുമാനിക്കുന്ന നിലയാണ് ഇപ്പോള്‍. നവീന്റെ മരണത്തില്‍ അടക്കം ദുരൂഹതകള്‍ ആരോപിച്ചാണ് ഭാര്യ മഞ്ജുഷ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ചെങ്കിലും ഇതിന് ഉടക്കുമായി നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാറാണ്. സിപിഎമ്മും സിബഐ അന്വേഷണത്തെ എതിര്‍ക്കുന്നു. ഇതോടെ കേസിലെ താല്‍പ്പര്യം ദൂരമായി തുടരുകയാണ്. ഇതിനിടെയാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം പുറത്തുവന്നത്.
കണ്ണൂരില്‍ മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പിന്നീട് പരിഗണിക്കപെടാതെ പോയതാണ് വിവാദത്തിന് ആധാരമാകുന്നത്. ഇതോടെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെ നവീന്‍ബാബുവിന്റെ ബന്ധുക്കള്‍ രംഗത്തുവന്നു.
പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കൃത്യമായി വായിച്ചു നോക്കേണ്ടതായിരുന്നുവെന്ന് നവീന്‍ ബാബുവിന്റെ ബന്ധു അഡ്വ. അനില്‍ പി നായര്‍ പറഞ്ഞു. ആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റുപരിക്കുകളില്ല എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു, പിന്നെ അടിവസ്ത്രത്തിലെ രക്തക്കറ എങ്ങനെ വരും എന്നാണ് അനില്‍ ചോദിക്കുന്നത്.
ഇക്കാര്യം വിശദീകരിക്കാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല, ഇത് സംബന്ധിച്ച് ഒരു അന്വേഷണവും നടന്നില്ല. ശാസ്ത്രീയ അന്വേഷണം നടത്തിയില്ലെന്ന് അതുകൊണ്ട് തന്നെ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണം തുടക്കം മുതല്‍ ശരിയായ ദിശയിലല്ല നടക്കുന്നത്. ഒരു പ്രതി മാത്രമല്ല ഇതിലുള്ളത്, ഒന്നിലധികം പേര്‍ നവീന്‍ ബാബുവിന്റെ മരണത്തില്‍ ഇടപെട്ടിട്ടുണ്ട്. കുറ്റക്കാരെല്ലാം കോടതിക്ക് മുന്നിലെത്തണം. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം കോടതി പ്രഖ്യാപിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് നവീന്‍ ബാബുവിന്റെ ബന്ധു അഡ്വ. അനില്‍ പി നായര്‍ പറഞ്ഞു.