ഷൂട്ടിങ്ങിനിടെ കാലിന് ഗുരുതര പരുക്ക്; 5.75 കോടി ആവശ്യപ്പെട്ട് മഞ്ജു വാരിയർക്ക് നോട്ടിസ്

നടി ശീതൾ തമ്പിയാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്

കൊച്ചി: ഇന്നു റീലീസായ ‘ഫൂട്ടേജ്’ സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ നടി ശീതൾ തമ്പി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമാതാവു കൂടിയായ മഞ്ജു വാര്യർക്ക് നോട്ടീസ് അയച്ചു. ഒരു മാസത്തിനുള്ളിൽ 5.75 കോടി രൂപ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടിസിൽ‍ പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ശീതളിന്റെ കാലിന് മാരകമായി പരിക്കേറ്റിരുന്നു.

മഞ്ജു വാര്യർക്ക് പങ്കാളിത്തമുള്ള മൂവീ ബക്കറ്റ് എന്ന നിർമാണ കമ്പനിയാണ് സിനിമയുടെ നിർമാതാക്കളിൽ ഒരാൾ. ഓഗസ്റ്റ് 2ന് റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും വയനാട് ദുരന്തം മൂലം റിലീസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നതും മഞ്ജു വാര്യരാണ്. നായാട്ട്, തിരികെ, ഇരട്ട തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ശീതൾ തമ്പി. 2023 മേയ് 20 മുതൽ 19 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ആവശ്യപ്പെട്ടിരുന്നത്. അഞ്ചടി താഴ്ചയിലേക്ക് ചാടുന്ന ഒരു രംഗം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടാണ് ശീതൾ കാര്യങ്ങൾ വിശദീകരിക്കുന്നത്. ജൂൺ 9 നായിരുന്നു ചിമ്മിനി വനത്തിൽ ഇതിന്റെ ചിത്രീകരണം. ചാടി വീഴുന്ന ഭാഗത്തായി ഒരു ഫോം ബെഡ്ഡാണ് വിരിച്ചിരുന്നത്. ആദ്യ ചാട്ടത്തിൽത്തന്നെ ബെഡ് സുരക്ഷിതമല്ലെന്ന് ക്രൂവിനെ അറിയിച്ചിരുന്നു. മൂന്നു നാലു തവണ ചാടിയിട്ടും വീണ്ടും ചാടണമെന്ന് ആവശ്യപ്പെട്ടതോടെ ചാടി. എന്നാൽ ഈ സമയത്ത് ബെഡ് ഒരു വശത്തക്ക് നീങ്ങിപ്പോവുകയും അതിനു താഴെയുണ്ടായിരുന്ന കല്ലിനിടയിൽ തന്റെ കാൽ കുടുങ്ങിപ്പോവുകയുമായിരുന്നു.

തുടർന്ന് തന്നെയുമെടുത്ത് സിനിമാ പ്രവർത്തകർ ഓടിയപ്പോൾ കാൽ അനക്കാതെ വയ്ക്കാൻ പോലുമുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അവർ പറയുന്നു. സംഘട്ടന രംഗമാണ് ചിത്രീകരിച്ചിരുന്നത്. പക്ഷേ ഒരു ആംബുലൻസ് പോലും അവിടെ ഇല്ലായിരുന്നു എന്നും അവർ പറയുന്നു. ഫസ്റ്റ് എയ്ഡ് സംവിധാനങ്ങളും സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ യാതൊരു സുരക്ഷയും ഒരുക്കാതെയായിരുന്നു ചിത്രീകരണമെന്നും അതിന്റെ ഫലമാണ് തന്റെ കാലിനുണ്ടായ പരുക്കെന്നും ശീതൾ പറയുന്നു.

കണങ്കാലിന് ഗുരുതരമായി പരുക്കേറ്റതിനാൽ ആദ്യം സമീപിച്ച രണ്ട് ആശുപത്രികളും പ്രവേശിപ്പിക്കാൻ തയാറായില്ല. തുടർന്ന് ഒരാശുപത്രിയിലും പിന്നീട് എറണാകുളത്തെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് രണ്ടു ശസ്ത്രക്രിയ വേണ്ടി വന്നു. അപകടമുണ്ടായി ഒരു മാസത്തിനു ശേഷം, ജൂലൈ എട്ടിനാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തത്. ആശുപത്രി ബില്ലായ 8.13 ലക്ഷം രൂപ നിര്‍മാണ കമ്പനിയാണ് അടച്ചതെന്നും ശീതൾ പറയുന്നു.

ഇതിനു ശേഷം 2023 നവംബർ വരെ 1.80 ലക്ഷം രൂപ തുടർ ചികിത്സക്കായി നൽകി. തനിക്ക് ഇപ്പോഴും കാൽ കുത്തി നടക്കാൻ സാധിക്കുന്നില്ല. കാലിൽ ആങ്കിൾ ബ്രേസ് എല്ലാ സമയത്തും ധരിക്കണം. ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ട വിധത്തിൽ

ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. കുറച്ചു നേരം പോലും നിന്നുകൊണ്ടുള്ള ജോലികൾ ചെയ്യാൻ സാധിക്കുന്നില്ല.

കാലിന് സമയാസമയങ്ങളിൽ ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ചലച്ചിത്ര നടിയാകാൻ ആഗ്രഹിച്ചിരുന്ന തനിക്ക് ഇന്ന് അത്തരമൊരു കരിയർ തന്നെ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയാണ്. ഇപ്പോൾ കാനഡയിൽ, ഇരുന്നു കൊണ്ടു ചെയ്യാവുന്ന ഒരു അഡ്മിനിസ്ട്രേറ്റീവ് ജോലി ചെയ്യുകയാണ് താൻ.

താൻ നേരിട്ട വിഷമങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് മഞ്‍ജു വാര്യർ ഉൾപ്പെടെ ഉറപ്പു തന്നിരുന്നു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷനൽ പരിപാടികളിലും പങ്കെടുത്തിരുന്നു. എന്നാൽ പണം നൽകുന്ന കാര്യത്തെക്കുറിച്ച് മൗനം പാലിക്കുകയാണ് എന്നും ശീതൾ പറയുന്നു. അതിനാൽ 30 ദിവസത്തിനുള്ളിൽ 5.75 കോടി രൂപ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സിവില്‍, ക്രിമിനൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നാണ് അഭിഭാഷകൻ വഴി അയച്ച നോട്ടിസിൽ പറഞ്ഞിരിക്കുന്നത്.

Related Articles
Next Story