കേരളത്തിലെ മുസ്ലീങ്ങളിൽ തീവ്രവാദ ചിന്ത വളർത്തിയത് മദനി; അതിവൈകാരിക പ്രസം​ഗങ്ങൾ ഒട്ടേറെ യുവാക്കളെ തീവ്രവാദികളാക്കി: പി. ജയരാജന്റെ പുസ്തകം

കണ്ണൂർ: കേരളത്തിലെ മുസ്ലീങ്ങളിൽ തീവ്രവാദ ചിന്ത വളർത്തിയത് അബ്ദുൾ നാസർ മദനിയെന്ന് പി. ജയരാജൻ. കേരളത്തിലുടനീളം അതിവൈകാരികമായ പ്രസംഗങ്ങൾ നടത്തി മദനി ആളുകൾക്കിടയിൽ തീവ്രചിന്താഗതികൾ വളർത്താൻ ശ്രമിച്ചു. ഇതിലൂടെ ഒട്ടേറെ യുവാക്കൾ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മുസ്ലിം രാഷ്‌ട്രീയത്തിന്റെ ഗതിവികാസങ്ങളെക്കുറിച്ച് പി. ജയരാജൻ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ കേരളം: മുസ്ലിം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലാണ് പി. ജയരാജൻ ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

സ്വകാര്യ സുരക്ഷാ ഭടൻമാർക്കൊപ്പം കേരളത്തിലുടനീളം നടത്തിയ പ്രഭാഷണ പര്യടനത്തെ കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. അതിവൈകാരികമായ പ്രസം​ഗമാണ് മദനിയുടേത്. മദനിയുടെ നേതൃത്വത്തിൽ ഇസ്ലാമിക് സേവക് സംഘം അഥവാ ഐഎസ്എസ് രൂപീകരിച്ചു.ഐഎസ്എസിന്റെ നേതൃത്വത്തിൽ ആയുധ ശേഖരണം നടത്തുകയും യുവാക്കൾക്ക് ആയുധ പരിശീലനം നൽകുകയും ചെയ്തു.

ഇസ്ലാമിക തീവ്രവാദത്തിന്റെ അംബാസിഡറായി മദനിയെ വിശേഷിപ്പിക്കാം. ഭീകരവാദ കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി തടിയന്റവിട നസീർ മദനിയുടെ പ്രസം​ഗത്തിൽ ആകൃഷ്ടനായാണ് തീവ്രവാദത്തിലേക്ക് തിരിഞ്ഞത്. ഐഎസ്എസിനെതിരെ ആരോപണം ഉയർന്ന കാലത്ത് സംഘടന പിരിച്ച് വിട്ട് മദനി കൂടുതൽ ശക്തനായി പിഡിപി രൂപീകരിച്ചുവെന്നും ജയരാജൻ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു

കഴിഞ്ഞ കാലങ്ങളിൽ മദനിയെ പിന്തുണയ്‌ക്കുകയും വേദി പങ്കിടുകയും ചെയ്ത പാർട്ടിയാണ് സിപിഎം. 2009 ൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായ കാലത്താണ് പൊന്നാനി ഉപതെരഞ്ഞെടുപ്പിൽ മദനിയുടെ പാർട്ടിയായ പിഡിപിയുമായി സിപിഎം തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത്. അതേ പാർട്ടിയുടെ നേതാവ് തന്നെയാണ് മദനിയുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയിരിക്കുന്നത്.

Related Articles
Next Story