ഒളിംപിക് അസോസിയേഷനിൽനിന്ന് പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം, 25ന് അവിശ്വാസ പ്രമേയം

ന്യൂഡൽഹി: ഒളിംപിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം. ഒക്ടോബർ 25ന് ചേരുന്ന ഐഒഎ യോഗത്തിൽ ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതും യോഗത്തിൽ ചർച്ച ചെയ്യും. എന്നാൽ ഇത്തരത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സാധിക്കില്ലെന്നാണ് പി.ടി.ഉഷയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. രേഖാമൂലം ഏതെങ്കിലും അംഗങ്ങൾ ആവശ്യപ്പെട്ടാൽ മാത്രമേ ഇത് പരിഗണിക്കാൻ സാധിക്കൂ. അത്തരത്തിൽ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് അവിശ്വാസ പ്രമേയം പരിഗണിക്കാനാവില്ലെന്നും അവർ പറഞ്ഞു.

ഈ മാസം 25ന് നടക്കുന്ന ഐഒഎയുടെ ജനറൽ മീറ്റിങ്ങിനായി 26 ഇന അജൻഡ എക്സിക്യൂട്ടീവ് അംഗ കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. അതിൽ 26ാമത്തെ ഇനമായിട്ടാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്നും ചർച്ച ചെയ്യുമെന്നും രേഖപ്പെടുത്തിയിരിക്കുന്നത്. രഘുറാം അയ്യരെ സിഇഒ ആയി ജനുവരിയിൽ നിയമിച്ചിരുന്നു, ഇത് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും അംഗീകരിച്ചിരുന്നില്ല. സിഇഒയുടെ നിയമനം പുനഃപരിശോധിക്കണം, ട്രഷറർ സഹദേവ് യാദവ് ഉൾപ്പെടെയുള്ളവർക്ക് നോട്ടിസ് അയച്ചത് പരിശോധിക്കണം, ഉഷ ഏകപക്ഷീയമായി പെരുമാറുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉഷയ്ക്കെതിരെ അജൻഡയിൽ പറയുന്നത്. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 12 പേരും ഉഷയ്ക്ക് എതിരാണ്.

ഒളിംപിക്സിന് അധിക പണം ചെലവഴിച്ചു, സ്പോൺസർഷിപ്പ്, പ്രസിഡന്റിന്റെ ആഡംബര മുറിയിലെ താമസം, പ്രതിനിധി സംഘത്തിൽ അനധികൃതമായി പലരെയും തിരുകിക്കയറ്റി തുടങ്ങി നിരവധി ആരോപണങ്ങൾ അടുത്തിടെ ഉഷയ്ക്കെതിരെ ഉയർന്നിരുന്നു. ഒളിംപിക് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നേരത്തേ തന്നെ ഭിന്നത നിലനിന്നിരുന്നു. പി.ടി.ഉഷയും ട്രഷറായ സഹദേവ് യാദവും തമ്മിലായിരുന്നു പ്രശ്നം. വെയ്റ്റ് ലിഫിറ്റിങ് ഫെഡറേഷന് അനുവദിച്ച 1.75 കോടി രൂപ വായ്പയാണെന്നും ഇത് തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെട്ട് സഹദേവ് യാദവിന് ഉഷ നോട്ടിസ് അയച്ചിരുന്നു. ഈ ഭിന്നതകളാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിലേക്ക് എത്തിയിരിക്കുന്നത്.

Related Articles
Next Story

COPYRIGHT 2024

Powered By Blink CMS