പിണറായി ‘കടക്ക് പുറത്ത്’, ഇനി ജനത്തിനൊപ്പം; പിണറായിക്കൊപ്പമുള്ള എഫ്ബി കവർചിത്രം മാറ്റി അൻവറിന്റെ മറുപടി

ഇടത്‌ പശ്ചാത്തലമുള്ള ആളല്ല അന്‍വറെന്നും കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും തുറന്നടിച്ച് മുഖ്യമന്ത്രി തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി മാതൃകാപരമായ പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നും പറഞ്ഞു

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം ഫെയ്‌സ്ബുക്കില്‍നിന്ന് മാറ്റി പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രിയെ വേദിയിലേക്ക് അനു​ഗമിക്കുന്ന ചിത്രമായിരുന്നു അൻവറിന്റെ സാമൂഹികമാധ്യമത്തിലെ കവർചിത്രം. എന്നാൽ, ഈ ചിത്രം ഒഴിവാക്കി ഇപ്പോൾ ജനങ്ങളോടൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.


ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്ന് ശനിയാഴ്ച തന്നെ അൻവർ വ്യക്തമാക്കിയിരുന്നു. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും, പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ട്‌. അത് മതി. ഇവിടെയൊക്കെ തന്നെ കാണും. അതിനപ്പുറം, ആരും ഒരു ചുക്കും ചെയ്യാനില്ല - അദ്ദേഹം പറഞ്ഞിരുന്നു.

പോലീസിലെ പുഴുക്കുത്തുകൾക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് പറഞ്ഞ അൻവർ തനിക്ക് പാർട്ടിയിൽ പൂർണവിശ്വാസമുണ്ടെന്നും വ്യക്തമാക്കി. സർക്കാർ അന്വേഷണത്തിൽ അൻവർ തൃപ്തനാണോ എന്നത് ഫെയ്സ്ബുക്ക് കുറിപ്പിൽ നിന്നും വ്യക്തമല്ല. മുഖ്യമന്ത്രിയെപ്പറ്റിയും പരാമർശമില്ല. പാർട്ടിയും സംസ്ഥാനസെക്രട്ടറിയും പരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് അൻവർ ഇപ്പോൾ അടങ്ങുന്നത്.

എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. ഇടത്‌ പശ്ചാത്തലമുള്ള ആളല്ല അന്‍വറെന്നും കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും തുറന്നടിച്ച് മുഖ്യമന്ത്രി തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി മാതൃകാപരമായ പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നും പറഞ്ഞു. മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അൻവർ തിരുത്തണമെന്നാവശ്യപ്പെട്ട് പാർട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി.നിലപാടുകൾ തിരുത്തി, പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽനിന്ന് അൻവർ പിന്തിരിയണമെന്നും സംസ്ഥാനസെക്രട്ടേറിയറ്റ് അഭ്യർഥിച്ചു.

തുടർന്ന്, പാർട്ടിനിർദേശം ശിരസ്സാവഹിക്കാൻ ബാധ്യസ്ഥനാണെന്നു വ്യക്തമാക്കിയ അൻവർ പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് ഞായറാഴ്ച രാത്രി എട്ടരയോടെ സാമൂഹികമാധ്യമക്കുറിപ്പിൽ വ്യക്തമാക്കി.

Related Articles
Next Story