പാലക്കാട്ട് വിദ്യാർഥികൾക്കു മേൽ ലോറി പാഞ്ഞുകയറി; നാല് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

കരിമ്പ സ്‌കൂളിലെ കുട്ടികളാണ് മരിച്ചത്

പാലക്കാട്: തച്ചമ്പാറയിൽ ലോറി മറിഞ്ഞ് 4 കുട്ടികൾ മരിച്ചു. സ്‌കൂൾ വിട്ട് നടന്നുപോവുകയായിരുന്ന കുട്ടികളുടെ മുകളിലേക്ക് ലോറി മറിഞ്ഞാണ് അപകടമുണ്ടായത്.

മണ്ണാര്‍കാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് കരിമ്പയില്‍വെച്ച് മറിഞ്ഞത്. കരിമ്പ സ്‌കൂളിലെ കുട്ടികളാണ് മരിച്ചത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് മരിച്ചത്. നാലു മണിയോടെയാണ് അപകടം. മഴയത്ത് നിയന്ത്രണം തെറ്റിയാകാം ലോറി മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ലോറി വലതുവശത്തേക്ക് ചെരിഞ്ഞ് മറിയുകയായിരുന്നു. കുട്ടികളെ പ്രദേശത്തെ ആശുപത്രിയിലേക്ക് മാറ്റി.

കൂചെറുള്ളി അബ്ദുൽ സലാമിന്റെ മകൾ ഇർഫാന ഷെറിൻ, അബ്ദുൽ റഫീഖിന്റെ മകൾ റിത ഫാത്തിമ, സലാമിന്റെ മകൾ നിതാ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ.എസ്.ആയിഷ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണിവർ. മരിച്ചവരിൽ ഒരാളുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles
Next Story