പാലക്കാട് വിധി എഴുതിത്തുടങ്ങി, 184 ബൂത്തുകളിലും പോളിങ് ആരംഭിച്ചു, നെഞ്ചിടിപ്പോടെ മുന്നണികൾ
പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. മോക്ക് പോളിങ് അതിരാവിലെ എല്ലാ ബൂത്തുകളിലും പൂര്‍ത്തിയായി. മണ്ഡലത്തിലെ 184 ബൂത്തുകളിലും പോളിങ് ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. പത്ത് സ്ഥാനാര്‍ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്.
വോട്ടര്‍മാരുടേത് മതേതര മനസ്സാണെന്നും നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതീക്ഷ പങ്കുവെച്ചു. ജനങ്ങളെ വെല്ലുവിളിക്കുന്നവരെ ജനം തിരിച്ചറിയുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സരിനും പ്രതികരിച്ചു. മെട്രോമാന്‍ ഇ.ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നുമാണ് ബിജെപിയുടെ കണക്കുക്കൂട്ടല്‍.