ദിവ്യയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ദിവ്യയെയും സിപിഎമ്മിനെയും സംബന്ധിച്ച് നിര്‍ണായകമാണ് കോടതി വിധി. ജാമ്യഹര്‍ജി തള്ളിയാല്‍ ദിവ്യ അറസ്റ്റിലാകും

കണ്ണൂർ: എഡിഎമ്മിന്‍റെ മരണത്തില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. പി.ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ ഇന്ന് വിധി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് കോടതിയില്‍ നടന്നത്. പ്രോസിക്യൂഷന് പുറമേ നവീന്‍ ബാബുവിന്റെ കുടുംബം കൂടി കക്ഷി ചേര്‍ന്നിരുന്നു. മൂന്ന് വാദവും കേട്ട ശേഷമാണ് വിധി പറയാന്‍ മാറ്റിയത്.

ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദം. എന്നാല്‍ ദിവ്യയുടെ അഭിഭാഷകന്‍ എഡിഎമ്മിനെ കുറ്റപ്പെടുത്തിയാണ് വാദിച്ചത്. സദുദേശ്യത്തോടെയാണ് ദിവ്യ സംസാരിച്ചത് എന്നാണ് കോടതിയില്‍ പറഞ്ഞത്.

ദിവ്യയെയും സിപിഎമ്മിനെയും സംബന്ധിച്ച് നിര്‍ണായകമാണ് കോടതി വിധി. ജാമ്യഹര്‍ജി തള്ളിയാല്‍ ദിവ്യ അറസ്റ്റിലാകും. സിപിഎമ്മിന് ദിവ്യക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതായും വരും. പോലീസ് റിപ്പോര്‍ട്ട് ദിവ്യക്ക് എതിരാണെന്നതും കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തതും പാര്‍ട്ടിക്ക് പരിഗണിക്കേണ്ടി വരും. ദിവ്യക്കെതിരായ സംഘടനാ നടപടി ചർച്ച ചെയ്യാൻ സിപിഎം ജില്ലാ നേതൃയോഗങ്ങൾ നാളെ ചേരുന്നുണ്ട്.

Related Articles
Next Story