ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

11 ദിവസമായി ദിവ്യ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ്

കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദ് ആണ് വിധി പുറപ്പെടുവിക്കുക. അന്വേഷണവുമായി സഹകരിച്ചു എന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് ദിവ്യയുടെ അഭിഭാഷകൻ വാദിച്ചത്.

ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷനും പ്രതിഭാഗവും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകനും രണ്ടുമണിക്കൂറോളം നീണ്ട വാദം നടത്തിയിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിഭാ​ഗം വാദത്തിനിടെ കോടതിയിൽ സമ്മതിച്ചിരുന്നു. ദിവ്യയ്ക്ക് ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷനും നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ പറഞ്ഞു.

എഡിഎമ്മിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ ദിവ്യയെ ഒക്ടോബർ 29-നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടർന്ന് പൊലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. 11 ദിവസമായി ദിവ്യ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ്. കോടതി ജാമ്യം നിഷേധിച്ചാൽ പി പി ദിവ്യ ഹൈക്കോടതിയെ സമീപിച്ചേക്കും.

Related Articles
Next Story