പി.വി. അന്‍വറിന് തോക്ക് ഇല്ല, ലൈസന്‍സ് അപേക്ഷ നിരസിച്ച് ജില്ല കളക്ടര്‍; കലാപാഹ്വാനം നടത്തിയെന്ന് പോലീസ് റിപ്പോര്‍ട്ട്

ഒരു നിലയ്ക്കും ലൈസന്‍സ് കിട്ടരുതെന്നത് പി. ശശിയുടെ ആവശ്യമാണെന്നാണ് പി.വി. അന്‍വറിന്റെ പ്രതികരണം.

പി.വി. അന്‍വറിന്റെ തോക്ക് ലൈസന്‍സ് അപേക്ഷ മലപ്പുറം ജില്ല കളക്ടര്‍ നിരസിച്ചു. പൊലീസ് റിപ്പോര്‍ട്ട് അന്‍വറിന് എതിരായതോടെയാണ് തോക്ക് ലൈസന്‍സ് നിരസിച്ചത്. അന്‍വര്‍ കലാപാഹ്വാനം നടത്തി എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

അതേസമയം വനം, റവന്യൂ വകുപ്പുകള്‍ അനുകൂല റിപ്പോര്‍ട്ടാണ് നല്‍കിയത്. തനിക്ക് ഒരു നിലയ്ക്കും ലൈസന്‍സ് കിട്ടരുതെന്നത് പി. ശശിയുടെ ആവശ്യമാണെന്നാണ് പി.വി. അന്‍വറിന്റെ പ്രതികരണം.

എം.ആര്‍. അജിത് കുമാറിനും പൊലീസിനും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പിവി അന്‍വര്‍ തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയത്. പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തല്‍ അവര്‍ക്കിടയില്‍ പകയും വിരോധവും ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നതിനാലാണ് ലൈസന്‍സിന് അപേക്ഷിച്ചത് എന്നായിരുന്നു അന്‍വര്‍ അപേക്ഷയില്‍ പറഞ്ഞത്.

മലപ്പുറം കളക്ടറേറ്റിലെത്തിയായിരുന്നു അന്‍വര്‍ അപേക്ഷ നല്‍കിയത്. പൊലീസ് സുരക്ഷയുണ്ടായിട്ടും തോക്കിന് അപേക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിന്, അത് ഞാന്‍ മാനേജ് ചെയ്‌തോളാം എന്നായിരുന്നു അന്‍വര്‍ മറുപടി പറഞ്ഞത്.

Related Articles
Next Story