അതിരുവിടുന്നുണ്ട്, കരുതിയിരുന്നോണം';മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാർ; സാദിഖലി തങ്ങൾക്കെതിരേ രൂക്ഷവിമർശനവുമായി സമസ്ത സെക്രട്ടറി
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്ത് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം.മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാർ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യമെന്നും ഉമർ ഫെെസി മുക്കം വിമർശിച്ചു. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങൾ ഏറ്റെടുത്തത്തിലാണ് വിമർശനം.
കിതാബ് നോക്കി വായിക്കാൻ പറ്റുന്നവരാവണം ഖാളി ആവേണ്ടത്. ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യം. വിവരമില്ലെങ്കിലും ഖാളി ആവണം എന്നാണ് നിലപാട്. ഖാളി ആക്കാൻ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിരു വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളിൽ പരിഹാരമായില്ലെങ്കിൽ ജനങ്ങളോട് തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളിൽ വിവരം ഇല്ലാത്തവർ അധികം ആവുമ്പോൾ അവരിൽ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞു.
സാദിഖലി തങ്ങൾ രൂപീകരിച്ച ഖാളി ഫൗണ്ടേഷനെതിരെയും ഉമർ ഫൈസി രംഗത്തെത്തി. സിഐസി(കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്) വിഷയത്തിൽ സമസ്തയെ വെല്ലുവിളിച്ച് വേറെ സംഘടനകൾ ഉണ്ടാക്കുന്നുവെന്നും കരുതിയിരിക്കുന്നത് നല്ലതാണെന്നും ഉമർ ഫൈസി മുക്കം ഓർമപ്പെടുത്തി. ഖാളി ഫൗണ്ടേഷന്റെ അർത്ഥം എന്താണെന്ന് ചോദിച്ച അദ്ദേഹം സഹകരിച്ച് പോകുന്നതാണ് എല്ലാവർക്കും നല്ലതെന്നും കൂട്ടിച്ചേർത്തു.
ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സമസ്ത - ലീഗ് പ്രശ്നം ഇപ്പോൾ വീണ്ടും വഷളാവുന്നത്. സിഐസിയുമായി (കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്) ബന്ധപ്പെട്ട വിഷയത്തിലാണ് ഇപ്പോൾ പോര് രൂക്ഷമായിരിക്കുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരിട്ട് മുൻകൈ എടുത്ത് ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടു വന്നതാണ് ഇപ്പോൾ പ്രശ്നം വീണ്ടും രൂക്ഷമാവാൻ ഇടയായത്. സിഐസിയുടെ അധ്യക്ഷനാണ് സാദിഖലി തങ്ങൾ. ജിഫ്രി തങ്ങൾ, ഉമർ ഫൈസി മുക്കം തുടങ്ങിയ ഇ.കെ വിഭാഗം സമസ്തയിലെ ഒരു വിഭാഗത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് നേരത്തെ ഹക്കീം ഫൈസി അദൃശ്ശേരിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
അദൃശ്ശേരി ഭാരവാഹിയായി തുടരുമ്പോൾ സിഐസിയുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നുാ സമസ്തയിലെ ഒരു വിഭാഗം. ഇതിനെ തുടർന്നായിരുന്നു ആദ്യശ്ശേരിയെ മാറ്റിയത്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുൻകൈ എടുത്ത് ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടു വരികയായിരുന്നു. ഇതാണ് ഇപ്പോൾ സമസ്തയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.