മാട്ടുപ്പെട്ടി ഡാമില്‍ പറന്നിറങ്ങി സീപ്ലെയിൻ: ചരിത്രത്തിലാദ്യം

രാവിലെ 10.30നു കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്നു പറന്നുയർന്ന സീ പ്ലെയിൻ 10.57നു അണക്കെട്ടിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന എയ്റോഡ്രോമിൽ ഇറങ്ങി

തൊടുപുഴ ∙ ഇടുക്കി ജില്ലയുടെ ഹൈറേഞ്ചിൽ ചരിത്രത്തിലാദ്യമായി ജലവിമാനം ഇറങ്ങി. രാവിലെ 10.30നു കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്നു പറന്നുയർന്ന സീ പ്ലെയിൻ 10.57നു അണക്കെട്ടിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന എയ്റോഡ്രോമിൽ ഇറങ്ങി. പറന്നിറങ്ങിയ വിമാനം മാട്ടുപ്പെട്ടിയിൽ ജലവിതാനത്തിൽ നൗകയായി മാറി. കരയിലും വെള്ളത്തിലും പറന്നിറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫിബിയൻ വിമാനമാണ് എത്തിയത്. മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎമാരായ എം.എം.മണി, എ.രാജാ, ജില്ല കലക്ടർ വി.വിഘ്നേശ്വരി എന്നിവർ ചേർന്നു സ്വീകരിച്ചു.

സീപ്ലെയിൻ എത്തുന്നതുമായി ബന്ധപ്പെട്ട് മാട്ടുപ്പെട്ടിയിൽ ഇന്ന് ഡാമിലും പരിസര പ്രദേശങ്ങളിലും ഡ്രോൺ പറത്തുന്നത് നിരോധിച്ച് കലക്ടർ ഉത്തരവിറക്കിയിരുന്നു. കൂടാതെ സീപ്ലെയിനിനന്റെ പരീക്ഷണ പറക്കൽ പൂർത്തിയാകുന്നതുവരെ മൂന്നാർ - മാട്ടുപ്പെട്ടി റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.

ബോൾഗാട്ടിയിൽ മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവരുമായിഒരു റൗണ്ട് യാത്ര നടത്തി അവരെ തിരിച്ചിറക്കിയ ശേഷമാണ് മാട്ടുപ്പെട്ടിയിലേക്ക് ജലവിമാനം പുറപ്പെട്ടത്. മൈസൂരുവിൽ നിന്നാണ് ജലവിമാനം ഇന്നലെ കൊച്ചിയിലെത്തിയത്. കരയിലും വെള്ളത്തിലും ഒരുപോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയ‍ർക്രാഫ്റ്റാണിത്. ഒരു സമയം 15 പേർക്ക് ജലവിമാനത്തിൽ യാത്ര ചെയ്യാം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ടിനാണ് സംസ്ഥാന സർക്കാർ ജലവിമാനം കൊണ്ട് ലക്ഷ്യമിടുന്നത്. കൊച്ചി കായലിൽ പറന്നിറങ്ങിയ വൈമാനികർക്ക് സംസ്ഥാന സർക്കാർ സ്വീകരണം നൽകിയിരുന്നു.

Related Articles
Next Story