‘പിതാവ് ആത്മഹത്യ ചെയ്തത് എസ്ഐയുടെ മാനസിക പീഡനം കാരണം’: ഓട്ടോ ഡ്രൈവറുടെ മരണത്തിൽ കുടുംബം

സംഭവത്തിൽ പൊലീസുകാരനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് സത്താറിന്റെ കുടുംബം ആവശ്യപ്പെട്ടു

കാസർകോട്: ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിന്റെ ആത്മഹത്യയിൽ പൊലീസിനെതിരെ മകൻ. എസ്ഐ അനൂപിൽ നിന്ന് നേരിട്ട മാനസിക പീഡനത്തെ തുടർന്നാണ് സത്താർ ആത്മഹത്യ ചെയ്തെന്ന് സത്താറിന്റെ മകൻ അബ്ദുൾ ഷാനീസ് പറഞ്ഞു. പല തവണ സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും ഓട്ടോ വിട്ടുകൊടുത്തില്ല. സംഭവത്തിൽ പൊലീസുകാരനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് സത്താറിന്റെ കുടുംബം ആവശ്യപ്പെട്ടു.

ഓട്ടോറിക്ഷ പൊലീസ് പിടിച്ചുവച്ചിട്ട് നാലു ദിവസങ്ങളായെന്നും വീട് പട്ടിണിയിലായതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ചതിനു ശേഷമാണ് സത്താർ ജീവനൊടുക്കിയത്. ലൈവ് കണ്ട് ആളുകൾ എത്തുമ്പോഴേക്കും സത്താർ മരിച്ചിരുന്നു.

ഒരു പെറ്റിക്കേസിന്റെ പേരിലാണ് സത്താറിന്റെ ഓട്ടോറിക്ഷ എസ്ഐ അനൂപ് കസ്റ്റഡിയിലെടുക്കുന്നത്. വാഹനം വിട്ടുകിട്ടുന്നതിനായി പലതവണ സത്താർ സ്റ്റേഷനിൽ കയറിയിറങ്ങി. ഡിവൈഎസ്പിക്ക് പരാതിയും നൽകി. എന്നാൽ അദ്ദേഹം നിർദേശിച്ചിട്ടും എസ്ഐ ഓട്ടോറിക്ഷ വിട്ടുകൊടുക്കാൻ തയാറായില്ല. അതിന്റെ മനോവിഷമത്തിലാണ് തിങ്കളാഴ്ച സത്താർ ജീവനൊടുക്കുന്നത്.

Related Articles
Next Story