പിടിച്ചെടുത്ത സ്വര്‍ണം കോടതിയിലെത്തിക്കുന്നത് ഉരുക്കിമാറ്റി; സുജിത് ദാസിനെതിരെ ആരോപണം

കോഴിക്കോട്: മുൻ എസ്.പി. സുജിത് ദാസിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി പൊതുപ്രവർത്തകൻ കെ.എം. ബഷീർ. കരിപ്പൂർ വിമാനത്താവളത്തിന്റെ കോമ്പൗണ്ടിൽവെച്ച് സുജിത് ദാസ് സ്വർണക്കടത്ത് പിടികൂടുന്നത് എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണെന്നും പിടിച്ചെടുത്ത സ്വർണം നേരിട്ട് കോടതിയിൽ ഹാജരാക്കുന്നത് തട്ടിപ്പിന്റെ ഭാ​ഗമായാണെന്നും കെ.എം. ബഷീർ ആരോപിച്ചു.

'സ്വർണക്കടത്ത് കേസിൽ പോലീസ് നേരിട്ട് ഇടപെടാൻ പാടില്ലെന്നും പോലീസ് സ്വർണം പിടിച്ചാൽ അത് കസ്റ്റംസിന് കൈമാറണമെന്നുമാണ് നിയമം. ഈ നിയമത്തിനെതിരായാണ് സുജിത് ദാസിന്റെ പ്രവർത്തനം. പിടിച്ചെടുക്കുന്ന സ്വർണം കൊണ്ടോട്ടിയിലുള്ള ഉണ്ണി എന്ന സ്വർണപ്പണിക്കാരനെക്കൊണ്ടാണ് ഉരുക്കിക്കുന്നത്. ഒരു കിലോ സ്വർണമാണ് പിടിച്ചതെങ്കിൽ അത് ഉരുക്കി കോടതിയിൽ കെട്ടിവെക്കുമ്പോൾ 250 ഗ്രാമോളം സ്വർണത്തിന്റെ കുറവ് ഉണ്ടാകുന്നു എന്ന് വ്യക്തമായിട്ടുണ്ട്.' ഇതിൽ സുജിത് ദാസിന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പ്രവീൺകുമാർ എന്ന കസ്റ്റംസ് സൂപ്രണ്ട് സുജിത്ത് ദാസിന്റെ സംഘത്തിന്റെ ഭാഗമാണെന്നും കെ.എം. ബഷീർ ആരോപിച്ചു. ഐ.പി.എസ്. നേടുന്നതിന് മുമ്പ് സുജിത് ദാസ് കസ്റ്റംസിൽ ഉണ്ടായിരുന്നു. അന്നുമുതൽ ഇരുവരും തമ്മിൽ ബന്ധമുണ്ട്. അനീഷ് എന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും നേരത്തെ കരിപ്പൂരിൽ എസ്.എച്ച്.ഒ. ആയിരുന്ന ഇപ്പോളത്തെ ഡിവൈ.എസ്.പി. ഷിബുവും ഈ സംഘത്തിന്റെ ഭാ​ഗമാണെന്നും കെ.എം ബഷീർ ആരോപിച്ചു. പത്തനംതിട്ടയിലിരുന്നുകൊണ്ട് സുജിത്ത് ദാസാണ് ഇവിടുത്തെ സ്വർണക്കടത്ത് നിയന്ത്രിച്ചിരുന്നതെന്നും കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം സുജിത്ത് ദാസിന്റെ നിർദ്ദേശമനുസരിച്ച് പിടികൂടിയിരുന്നത് കൊണ്ടോട്ടി ഡി.വൈ.എസ്.പി. ഷിബുവായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

ദുബായിൽ സ്വർണക്കള്ളക്കടത്തിന്റെ എ.ബി.സി. വിഭാഗങ്ങളുണ്ട്. നേരത്തെ രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ ഇതിലെ ബി ​ഗ്രൂപ്പിന് ബന്ധം ഉണ്ട്. ഈ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് സുജിത് വാഗ്ദാനം നൽകിയതോടെ എ, സി ടീമുകൾ നടത്തുന്ന സ്വർണക്കള്ളക്കടത്ത് വിവരങ്ങൾ സുജിത്തിന് കൈമാറി തുടങ്ങിയെന്നും കെ. എം ബഷീർ ആരോപിച്ചു. രാത്രി പത്ത് മണിക്ക് ശേഷം കരിപ്പൂർ എയർപോർട്ട് റോഡിലെ കടകൾ അടച്ചിടണമെന്ന് സുജിത്ത് ദാസ് ഉത്തരവിറക്കിയത് കള്ളക്കടത്തിന് കൂട്ടുനിൽക്കാനാണെന്നും ഇയാൾക്കെതിരെ നേരത്തെ താൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Related Articles
Next Story