തൃശൂര്‍ പൂരം അലങ്കോലമാക്കല്‍: സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി; അന്വേഷണവുമായി മോട്ടോര്‍വാഹന വകുപ്പും പോലീസും
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ അലങ്കോലമായ സംഭവത്തില്‍ പ്രശ്‌നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം. തൃശൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. ചട്ടവിരുദ്ധമായി സുരേഷ് ഗോപി ആംബുലന്‍സ് ഉപയോഗിച്ചെന്ന പരാതിയിലാണ് അന്വേഷണം.
സംഭവത്തില്‍ തൃശൂര്‍ പൊലീസും അന്വേഷണം തുടങ്ങി. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് അന്വേഷണം. സുമേഷിന്റെ മൊഴി തൃശൂര്‍ എസിപി രേഖപ്പെടുത്തി.
ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരേ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു.
തൃശൂര്‍ പൂര ദിവസം തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിനുപിന്നാലെ പ്രശ്‌നപരിഹാരത്തിന് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സിലാണ് വന്നിറങ്ങിയത്. മറ്റുവാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത മേഖലയിലേക്കാണ് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചത്. ആരോഗ്യപ്രശ്‌നം കാരണമാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്.
സേവാഭാരതിയുടെ ആംബുലന്‍സിന്റെ മുന്‍സീറ്റില്‍ ഇരുന്ന് സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങളാണു പ്രചരിച്ചത്. പൂരം നിലയ്ക്കാതിരിക്കാന്‍ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ പൂരനഗരിയിലേക്ക് ആദ്യമെത്തിയ നേതാക്കളിലൊരാള്‍ സുരേഷ് ഗോപിയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം വിശ്രമത്തിലായിരുന്ന സുരേഷ് ഗോപി പൂരത്തിന്റെ മറ്റു ചടങ്ങുകളിലൊന്നും പങ്കെടുത്തിരുന്നില്ലെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.
രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലന്‍സ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ആംബുലന്‍സ് രോഗികള്‍ക്ക് സഞ്ചരിക്കാന്‍ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ജോയിന്റ് ആര്‍ടിഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
റോഡില്‍ മുന്‍ഗണനയും നിയമത്തില്‍ ഇളവും ലഭിക്കുന്ന വാഹനമാണ് ആംബുലന്‍സ്. പരിഷ്‌കരിച്ച മോട്ടോര്‍വെഹിക്കിള്‍ ഡ്രൈവിങ്ങ് റെഗുലേഷന്‍-2017 നിലവില്‍വന്നതോടെ ഇത്തരം വാഹനങ്ങള്‍ക്ക് ഏതെല്ലാം കാര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് നിര്‍വചിച്ചിട്ടുണ്ട്.