കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിലെ പരിശോധന; റിപ്പോർട്ട് തേടി വനിത കമ്മീഷൻ
തിരുവനന്തപുരം: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറികളിലെ കള്ളപ്പണ റെയ്ഡുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടി വനിത കമ്മീഷൻ. വനിതകൾ താമസിച്ചിരുന്ന മുറികളിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടാണ് വനിത കമ്മീഷൻ അധ്യക്ഷ പി.സതീദേവി റിപ്പോർട്ട് തേടിയത്. മഹിള കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി.
കെ.പി.എം ഹോട്ടലിലെ പാതിരാ പരിശോധനയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കോൺഗ്രസ് വനിതാ നേതാക്കൾ പരാതി നൽകിയിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. വനിതാ പൊലീസ് ഇല്ലാതെ മുറിയിൽ പ്രവേശിക്കാൻ ശ്രമിച്ചെന്നും നിയമങ്ങൾ പാലിക്കാതെയാണ് പൊലീസ് ഇടപെട്ടതെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.