വയനാട് ഉരുള്‍പൊട്ടലില്‍പ്പെട്ടതെന്ന് കരുതുന്ന മൃതദേഹ ഭാഗം കണ്ടെത്തി; പരപ്പന്‍പാറയില്‍ മരത്തില്‍ കുടുങ്ങിയ നിലയില്‍

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു മൃതദേഹ ഭാഗം കൂടി കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹ ഭാഗം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സിനാണ് മൃതദേഹ ഭാഗം ലഭിച്ചത്. ലഭിച്ച മൃതദേഹ ഭാഗം ഡിഎന്‍എ പരിശോധന നടത്തും.

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനായി തിരച്ചില്‍ പുനഃരാരംഭിക്കണമെന്ന് ദുരിതബാധിതര്‍ ആവശ്യം ശക്തമാക്കുന്നതിനിടെയാണ് പുതുതായി മൃതദേഹ ഭാഗം ലഭിച്ചത്. 47 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരച്ചിലിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വീണ്ടും തിരച്ചില്‍ ആവശ്യപ്പെട്ട് ദുരിതബാധിതര്‍ ധര്‍ണയടക്കം നടത്തിയിരുന്നു.

തിരച്ചില്‍ വീണ്ടും നടത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിന്ന് തന്നെയാണ് മൃതദേഹഭാഗം കിട്ടിയിട്ടുള്ളത്. ദുരന്തത്തില്‍ കാണാതായവരുടെ ഉറ്റബന്ധുക്കളുടെ സാംപിള്‍ നേരത്തെ ശേഖരിച്ചിരുന്നു. ഇതുമായി ലഭിച്ച മൃതദേഹ ഭാഗ്തതിന്റെ ഡിഎന്‍എ സാംപിള്‍ ക്രോസ് മാച്ചിങ്ങ് നടത്തിയാകും മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കുക. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് മൂന്നു മാസം പിന്നിട്ടു.

Related Articles
Next Story