വയനാട് പുനരധിവാസം: ടൗണ്‍ഷിപ്പിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം; ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഹാരിസണ്‍ മലയാളം, എല്‍സ്‌റ്റോണ്‍ ടീ എസ്‌റ്റേറ്റ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്

കൊച്ചി: ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.ഹാരിസണ്‍ മലയാളം, എല്‍സ്‌റ്റോണ്‍ ടീ എസ്‌റ്റേറ്റ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ലാന്‍ഡ് അക്വിസിഷന്‍ നിയമ പ്രകാരം നാളെ മുതല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താം. ഏറ്റെടുക്കുന്ന ഭൂമിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

ദുരിതബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ഇതിനെതിരെ എസ്‌റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജികളിന്മേല്‍ നവംബര്‍ 26നാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവെയ്ക്കുകയായിരുന്നു. ഹൈക്കോടതി നിലവില്‍ അവധിയാണ്. എന്നാല്‍ ഇന്ന് രാവിലെ അപ്രതീക്ഷിതമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പകത്തിന്റെ ബെഞ്ചാണ് ഹര്‍ജികളിന്മേല്‍ ഉത്തരവിട്ടത്.

Related Articles
Next Story