കാട്ടാനപ്പേടിയില്‍ കോതമംഗലം : എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം, പ്രദേശത്ത് ഇന്ന് ജനകീയ ഹര്‍ത്താല്‍
കോതമംഗലം: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം നൽകി. ഉരുളന്‍തണ്ണി ക്ണാച്ചേരിയില്‍ ഇന്നലെ രാത്രിയോടെ ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയായിരുന്നു എല്‍ദോസിനു നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ ആറുമണിക്കൂറോളം നീണ്ട നാട്ടുകാരുടെ പ്രതിഷേധം പുലര്‍ച്ചെ കളക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് അവസാനിച്ചത്.
27ന് കളക്ടര്‍ അവലോകന യോഗം വിളിച്ചിട്ടുണ്ട്. 5 ദിവസത്തിനുള്ളില്‍ സ്ഥലത്തു തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്.
എല്‍ദോസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. പ്രതിഷേധം കടുത്തതോടെ പ്രദേശത്ത് ട്രഞ്ച് നിര്‍മാണം ഇന്ന് തുടങ്ങും. അതേസമയം, ഇന്ന് കുട്ടമ്പുഴയിലും കോതമംഗലത്തും ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോതമംഗലത്ത് മൂന്നുമണിക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും നടത്തും.
ശനിയാഴ്ച വൈകിട്ടു നേര്യമംഗലം ചെമ്പന്‍കുഴിയില്‍ കാട്ടാന മറിച്ചിട്ട മരം വീണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മരിച്ച ഞെട്ടല്‍ മാറും മുന്‍പേയാണു വീണ്ടും ആക്രമണമുണ്ടായത്.
എറണാകുളത്തു സെക്യൂരിറ്റി ജോലിക്കാരനായ എല്‍ദോസ് രാത്രി എട്ടരയോടെ കെഎസ്ആര്‍ടിസി ബസില്‍ എത്തി വീട്ടിലേക്കു പോകുംവഴിയാണ് ആക്രമണമുണ്ടായത്. ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്റ്റേഷന്‍ കഴിഞ്ഞു ക്ണാച്ചേരിക്കു പോകുന്ന വഴിയിലായിരുന്നു മൃതദേഹം. ഇതുവഴി പോയ ഓട്ടോറിക്ഷക്കാരനാണു മൃതദേഹം കണ്ടു നാട്ടുകാരെ അറിയിച്ചത്. വര്‍ഗീസ്‌റൂത്ത് ദമ്പതികളുടെ മകനാണ് എല്‍ദോസ്.