മുഖ്യമന്ത്രിയുടെ ഗണ്‍മാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ യൂത്ത് കോൺഗ്രസ് കോടതിയിൽ: രാഹുല്‍ മാങ്കൂട്ടത്തില്‍ മർദ്ദനദൃശ്യങ്ങൾ പോലീസിനു കൈമാറി

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാറാണു കേസിലെ ഒന്നാം പ്രതി. സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് രണ്ടാം പ്രതി

തിരുവനന്തപുരം: നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലേക്ക്. കേസില്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന വിചിത്രമായ കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ക്കു ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കിയത്.

ദൃശ്യമാധ്യമങ്ങളോടു ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടു നല്‍കിയില്ലെന്നും കിട്ടിയ ദൃശ്യങ്ങളില്‍ മര്‍ദനമില്ലെന്നുമാണു ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പ്രധാന വാദം. അതേസമയം മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് മേധാവിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും ഇ–മെയിലില്‍ നല്‍കിയ യൂത്ത് കോണ്‍ഗ്രസ് കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കും. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് ദൃശ്യങ്ങള്‍ പൊലീസിനു കൈമാറിയത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്ന് ശക്തമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാറാണു കേസിലെ ഒന്നാം പ്രതി. സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് രണ്ടാം പ്രതി. പരാതിക്കാരന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും യാഥാര്‍ഥ്യങ്ങള്‍ മറച്ചുവയ്ക്കുന്നതുമാണെന്നു ബോധ്യമായെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.സുനില്‍രാജ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബര്‍ 15നു നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കടന്നു പോകുമ്പോള്‍ ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്‌ഷനില്‍ പ്രതിഷേധിച്ചവര്‍ക്കാണ് അടിയേറ്റത്. പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍ കുര്യാക്കോസിനും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനും തലയ്ക്കും കൈകാലുകളിലും ഗുരുതര പരുക്കുണ്ടായെന്നുമുള്ള പരാതിയാണു പൊലീസ് അന്വേഷിച്ചത്.

അതേസമയം ചാനലുകള്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു സിഡിയില്‍ നല്‍കിയിരുന്നെന്നു പരാതിക്കാരന്‍ അജയ് പറഞ്ഞു. എന്നാല്‍ സിഡിയില്‍ അല്ല പെന്‍ഡ്രൈവില്‍ നല്‍കണമെന്നും ചാനലുകള്‍ പകര്‍ത്തിയതല്ല, പരാതിക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വേണമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മര്‍ദനമേറ്റു കിടക്കുമ്പോള്‍ എങ്ങനെ ദൃശ്യങ്ങള്‍ പകര്‍ത്തുമെന്നാണ് അജയ് ചോദിക്കുന്നത്.

പിന്നീടു പലതവണ അന്വേഷണ ഉദ്യോഗസ്ഥനെ കാണാന്‍ ചെന്നെങ്കിലും സാധിച്ചില്ല. ഫോണില്‍ വിളിച്ചപ്പോള്‍ സ്ഥലത്തില്ലെന്നായിരുന്നു മറുപടി. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചെന്ന വാദം അടിസ്ഥാനരഹിതമാണെന്നും അതു വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും അജയ് പറയുന്നു.

Related Articles
Next Story