മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത വ്യാജമാണെന്ന് യു.പ്രതിഭ എംഎൽഎ

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത വ്യാജമാണെന്ന് യു.പ്രതിഭ എംഎൽഎ. ഫേസ്ബുക്ക് ലൈവിലായിരുന്നു എംഎല്‍എയുടെ പ്രതികരണം. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും അവര്‍ ആരോപിച്ചു.

“വാര്‍ത്ത‍ വന്നതുമുതല്‍ നിരവധി ഫോണ്‍കോളുകളാണ് വരുന്നത്. മകനും സുഹൃത്തുക്കളും ചേർന്നിരിക്കുമ്പോൾ എക്സൈസുകാർ വന്ന് ചോദ്യം ചോദിച്ചു. എന്നാല്‍ വാര്‍ത്ത വന്നത് മകനെ മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. വാർത്ത ശരിയാണെങ്കിൽ ഞാൻ മാപ്പ് പറയാം. മറിച്ചാണെങ്കില്‍ പരസ്യമായി മാധ്യമങ്ങൾ മാപ്പ് പറയണം.” – എംഎല്‍എ പറഞ്ഞു.

എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെ ഒൻപത് യുവാക്കളെ തകഴിയിൽ നിന്നാണ് കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ആളൊഴിഞ്ഞ ഭാഗത്ത് നിന്ന് കഞ്ചാവ് വലിക്കുമ്പോഴാണ് പിടിയിലായത്. ഇവരിൽ നിന്ന് മൂന്നു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ചട്ടം 27B വകുപ്പ് പ്രകാരമാണ് എംഎൽഎയുടെ മകനടക്കം ഉള്ളവർക്കെതിരെ എക്സൈസ് കേസെടുത്തത്. ജാമ്യം കിട്ടുന്ന വകുപ്പാണ് ചുമത്തിയിരുന്നത്. ഇതിനെതിരെയാണ് എംഎല്‍എയുടെ പ്രതികരണം

Related Articles
Next Story