ഫുട്പാത്തിലൂടെ നടക്കുമ്പോൾ കാറിടിച്ചു; നട്ടെല്ലിന് ഗുരുതര പരുക്ക്; യുവതിക്ക് 92 ലക്ഷം രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം∙ വീടിനു സമീപമുള്ള കടയിൽനിന്നും സാധനങ്ങൾ വാങ്ങി ഫുട്പാത്തിലൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയെ കാറിടിച്ചു നട്ടെല്ലിന് പരുക്കേൽപ്പിച്ച സംഭവത്തിൽ 92 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. തിരുവനന്തപുരം മോട്ടർ ആക്‌സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി ആജ് സുദർശന്റേതാണ് വിധി.

2017ൽ കാട്ടായിക്കോണം ഉദയപുരം ജംക്‌ഷന് സമീപമാണ് അപകടമുണ്ടായത്. കാട്ടായിക്കോണം ഉദയപുരം വിളയിൽ വീട്ടിൽ ശോഭികയ്ക്കാണ് (37) പരുക്കേറ്റത്. അമിത വേഗത്തിൽ വന്ന കാർ ശോഭികയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ശോഭികയുടെ നട്ടെല്ലിന് മാരകമായി പരുക്കേറ്റു. എഴുന്നേറ്റു നടക്കാൻ സാധിക്കാതെ കിടപ്പിലായി. അപകടത്തിൽ പരുക്കേറ്റു കിടപ്പിലായവർക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന നഷ്ടപരിഹാര തുകയാണിത്. ശോഭികയ്ക്കു വേണ്ടി അഭിഭാഷകനായ കാട്ടായിക്കോണം ജെ.കെ.അജിത്ത്‌ പ്രസാദ് ഹാജരായി.

Related Articles
Next Story