വല്ലാത്തൊരു ഭാഗ്യമേ…; സെക്കന്റ്ഹാന്റ് സോഫാസെറ്റിയിൽ നിന്നും വിദ്യാർത്ഥികൾക്ക് കിട്ടിയത് 34 ലക്ഷം രൂപ

ഒരാൾക്ക് ഭാഗ്യം എപ്പോഴാണ് വരികയെന്ന് പറയാൻ പറ്റില്ലല്ലേ.. ഒരു കാര്യവുമില്ലാതെ വെറുതെ എടുത്തുവച്ച ലോട്ടറിയിൽ വൻ തുക സമ്മാനമടിക്കുക, അല്ലെങ്കിൽ പെട്ടെന്നൊരു ദിവസം വൈറലാവുക അങ്ങനെ ഭാഗ്യം നമ്മെ തേടി എത്തുക എപ്പോഴാണെന്ന് പറയാൻ ഒരിക്കലും ആർക്കും സാധിക്കില്ല. അപ്രതീക്ഷിതമായി ഇത്തരത്തിലൊരു ഭാഗ്യം തേടിയെത്തിയതിന്റെ ഞെട്ടലും സന്തോഷവും അടക്കാനാവാത്ത അവസ്ഥയിലാണ് മൂന്ന് വിദ്യാർത്ഥികൾ.

ന്യൂ പാട്‌സിലുള്ള സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോർക്കിലെ വിദ്യാർത്ഥികളെ തേടിയാണ് അപ്രതീക്ഷിത ഭാഗ്യം എത്തിയത്. ഇവർ ഒരുമിച്ച് താമസിക്കാനായി വാടകക്ക് എടുത്ത വീട്ടിലേക്ക് ഒരു പഴയ സെക്കന്റ്ഹാന്റ് സോഫ വാങ്ങി. എന്നാൽ, ഈ സോഫയിൽ നിന്നും ഒളിപ്പിച്ച നിലയിൽ 34 ലക്ഷം രൂപ ഇവർക്ക് ലഭിക്കുകയായിരുന്നു.

കാലി ഗുവാസ്റ്റി, റീസ് വെർഖോവൻ, ലാറ റുസോ എന്നിവർക്കാണ് ലക്ഷങ്ങൾ കിട്ടിയത്. ഇവർ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലൂടെ ഇതേക്കുറിച്ച് പങ്കുവച്ചത്. പോസ്റ്റ് പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു.

സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ പല കോളേജുകളിലായാണ് മൂന്ന് പേരും പഠിച്ചിരുന്നത്. സുഹൃത്തുക്കളായിരുന്ന ഇവർ ഒരുമിച്ച് താമസിക്കാനായി അപ്പാർട്ട്‌മെന്റ് വാടകക്ക് എടുക്കുകയായിരുന്നു. വീട്ടിലേക്കായി സെക്കന്റ്ഹാന്റ് സാധനങ്ങളാണ് ഇവൾ വാങ്ങിയത്. ഇക്കൂട്ടത്തിലാണ് സോഫയും വാങ്ങിയത്.

പഴയതും ദുർഗന്ധം വമിക്കുന്നതുമായിരുന്നു സോഫയെന്ന് വിദ്യാർത്ഥികൾ പറയുന്നു. സോഫ വീട്ടിലെത്തിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് മൂന്ന് പേരും ഇതിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ എന്തോ ഒന്ന് സോഫയിൽ തടഞ്ഞു. ഇത് എന്താണെന്ന് തിരഞ്ഞ് നോക്കിയപ്പോൾ സോഫക്കുള്ളിൽ നിന്നും ഒരു കവറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തി.

ഒരുനിമിഷം തങ്ങൾ ഭയപ്പെട്ടെങ്കിലും അന്ന് രാത്രി മുഴുവൻ അലറിക്കൊണ്ട് സമയം ചിലവഴിച്ചു. പണം കണ്ടെത്തിയ കവറിൽ വിധവയുടെ പേരും വിലാസവും ഉണ്ടായിരുന്നു. തുടർന്ന് മൂവരും ചേർന്ന് വിലാസത്തിലുള്ള ഉടമയെ കണ്ടുപിടിക്കുകയും പണം തിരികെ നൽകുകയും ചെയ്തു. ഏതാണ്ട് മുപ്പത് വർഷമായി ഈ സോഫയിൽ പണം സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് അപ്പോഴാണ് മൂന്ന് വിദ്യാർത്ഥികളും മനസിലാക്കുന്നത്. നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ പണം തിരികെ നൽകിയ സന്തോഷത്തിന് സമ്മാനമായി ആ വൃദ്ധ 1000 ഡോളർ പാരിതോഷികമായി നൽകിയതായി വിദ്യാർത്ഥികൾ പറയുന്നു

Related Articles
Next Story