ആറുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ എലി മാരകമായി ആക്രമിച്ചു; അച്ഛന് 16 വർഷം തടവ്; വീഴ്ചകൾ എണ്ണിപ്പറഞ്ഞ് പ്രോസിക്യൂഷൻ

ആറുമാസം പ്രായമായ കുഞ്ഞിൻ്റെ മുഖത്തും കൈകാലുകളിലും ഉൾപ്പെടെ 50ലധികം പരുക്കുകൾ. എല്ലാം എലിക്കൂട്ടം കടിച്ച് തിന്നത്. വലതു കയ്യിലായിരുന്നു പരുക്കുകളേറെയും. നാലു വിരലുകളിലെയും തള്ള വിരലിലെയും മാംസം പൂർണമായും നഷ്ടപ്പെട്ട് അസ്ഥികൾ പുറത്തേക്ക് കാണാമായിരുന്നു. പ്രോസിക്യൂട്ടറുടെ ഈ വിശദീകരണം കേട്ട് കോടതി മുറിക്കുള്ളിൽ ഉണ്ടായിരുന്നവരെല്ലാം മരവിച്ച അവസ്ഥയിലായി. എലിയുടെ ആക്രമണത്തിൽ കുഞ്ഞിന്റെ രൂപം തന്നെ മാറിപ്പോയെന്നും ആ ഭാഗമൊന്നും ഇനി പഴയപടി ആകില്ലെന്നും അതിൻ്റെ ഫലം ജീവിതാവസാനം വരെ അനുഭവിക്കേണ്ടി വരുമെന്നും പ്രോസിക്യൂട്ടർ വിശദീകരിച്ചു.

ഇത്ര ഗുരുതരമായ വീഴ്ചയുടെ പേരിലാണ് കുട്ടിയുടെ അച്ഛനും അമ്മയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പിതാവിനെ 16 വർഷത്തെ തടവിന് ശിക്ഷിച്ച കോടതി, അമ്മയ്ക്കുള്ള ശിക്ഷ ഈ മാസം അവസാനം വിധിക്കും. അമേരിക്കയിലെ ഇൻഡ്യാനയിൽ നിന്നുള്ള ഡേവിഡ് ഷൊനാബം എന്നയാളെയാണ് പ്രാദേശിക വണ്ടർബർഗ് കൗണ്ടി കോടതി ശിക്ഷിച്ചത്. 2023 സെപ്റ്റംബറിലായിരുന്നു 50ലധികം എലികൾ കൂട്ടത്തോടെ കുഞ്ഞിനെ ആക്രമിച്ചത്. രക്തത്തിൽ കുളിച്ച നിലയിൽ ഡേവിഡാണ് കുഞ്ഞിനെ കണ്ടെത്തിയത്. അധികൃതർ പരിശോധനയ്ക്ക് എത്തിയപ്പോൾ അങ്ങേയറ്റം വൃത്തിഹീനമായിരുന്നു വീട്. നിറയെ എലികളും അവയുടെ കാഷ്ഠങ്ങളും ചപ്പുചവറുകളും നിറഞ്ഞ് കൂമ്പാരമായിരുന്നു.


ഈ കേസ് ഭയാനകമാണ്. പരുക്കേറ്റ കുഞ്ഞിന്റെ ചിത്രങ്ങൾ ഓർമ്മയിൽനിന്നും ഒരിക്കലും മായില്ല. ഇങ്ങനെ ഒരവസ്ഥയിൽ ആർക്കെങ്കിലും ജീവിക്കേണ്ടി വരുന്നത് മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഈ കുഞ്ഞ് ഭയാനകമായ ഒരു വീട്ടിലാണ് ജീവിച്ചിരുന്നത്. 6 മാസം പ്രായമുള്ള കുട്ടിക്ക് പരുക്കേൽക്കുന്നതിനു മുൻപ് മറ്റു മൂന്ന് കുട്ടികളെ എലികൾ കടിച്ചു. മുന്നറിയിപ്പ് നൽകിയിട്ടും വീട്ടിലെ അവസ്ഥയിൽ മാറ്റമുണ്ടായില്ല”- പ്രോസിക്യൂട്ടർ ഡയാന മോയേഴ്സ് പറഞ്ഞു. എലികൾ കുഞ്ഞിനെ ഇത്രയും മാരകമായി ആക്രമിക്കുന്നതുവരെ വീട്ടുകാർ ശ്രദ്ധിച്ചില്ല എന്നത് സങ്കൽപ്പിക്കാൻ കഴിയുന്നില്ല എന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

Related Articles
Next Story