സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടി;പകുതിയിലധികവും തുക ചെലവഴിക്കുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍
കോട്ടയം: ആവര്‍ത്തന-പുതുകൃഷി സഹായമടക്കം കേന്ദ്രസര്‍ക്കാര്‍ റബര്‍ ബോര്‍ഡിന് അനുവദിച്ച 68 കോടിയില്‍ പകുതിയിലധികവും ചെലവഴിക്കുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍. അസം, ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളിലേക്കായി 40 കോടിയിലധികം രൂപ ചെലവഴിക്കാനാണ്…
കോട്ടയം: ആവര്‍ത്തന-പുതുകൃഷി സഹായമടക്കം കേന്ദ്രസര്‍ക്കാര്‍ റബര്‍ ബോര്‍ഡിന് അനുവദിച്ച 68 കോടിയില്‍ പകുതിയിലധികവും ചെലവഴിക്കുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍. അസം, ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളിലേക്കായി 40 കോടിയിലധികം രൂപ ചെലവഴിക്കാനാണ് തീരുമാനമത്രേ. റബര്‍ ബോര്‍ഡ് ചെയര്‍മാന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇതുസംബന്ധിച്ച പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കി. ബജറ്റ് വിഹിതമായ 168 കോടിക്ക് പുറമെയാണ് 68 കോടികൂടി ബോര്‍ഡിനു ലഭിച്ചത്. ഇതില്‍ നല്ലൊരു പങ്കും ജീവനക്കാരുടെ ശമ്പളത്തിനും ദൈനംദിന ചെലവുകള്‍ക്കുമായി വിനിയോഗിച്ചു കഴിഞ്ഞു.
ശേഷിക്കുന്ന തുകയിലെ പകുതിയുമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി വീതംവെച്ചിരിക്കുന്നത്. കേരളത്തിലെ ചെറുകിടകര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട കോടികള്‍ പലപ്പോഴും വിനിയോഗിക്കുന്നതും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തന്നെ. ഇത്തരത്തില്‍ കോടികള്‍ അന്തമാനില്‍ റബര്‍കൃഷിക്കായി വിനിയോഗിച്ചെങ്കിലും ആദായം എടുക്കാന്‍പോലും കഴിയാതെ അവിടുത്തെ സര്‍ക്കാറുമായി ബോര്‍ഡ് നിയമപോരാട്ടത്തിലാണ്.
ഈ ഇനത്തില്‍ ലക്ഷങ്ങള്‍ ബോര്‍ഡ് തുലക്കുകയാണ്.കേരളത്തില്‍ ധനസഹായത്തിനായി ലക്ഷക്കണക്കിന് അപേക്ഷ ബോര്‍ഡിന് മുന്നിലുണ്ട്. എന്നാല്‍, പണം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനായി രണ്ടു വര്‍ഷത്തെ മുഴുവന്‍ അപേക്ഷകരെയും ബോര്‍ഡ് ഒഴിവാക്കുകയായിരുന്നു. 12 ലക്ഷത്തിലധികം റബര്‍ കര്‍ഷകരാണ് കേരളത്തിലുള്ളത്. ബോര്‍ഡിന്റെ വിവേചനപരമായ നടപടികള്‍ റബര്‍കൃഷി ഉപേക്ഷിക്കാന്‍ പലരെയും നിര്‍ബന്ധിതമാക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ 40 കോടിയോളം രൂപ കേരളത്തിലെ കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. ഇതെല്ലാം അവഗണിച്ചാണ് ഇതര സംസ്ഥാനങ്ങളിലേക്ക് കോടികള്‍ വകമാറ്റുന്നത്.
റബര്‍ ഗവേഷണവും വികസനവും നിലച്ചു. കര്‍ഷകര്‍ കൃഷിയില്‍നിന്ന് പിന്മാറ്റം തുടങ്ങിയതും ബോര്‍ഡിന് തിരിച്ചടിയാകുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് നിയമിതനാകുന്ന ബോര്‍ഡ് ചെയര്‍മാന്‍ ഇവിടത്തെ റബര്‍കൃഷി വികസനത്തോട് താല്‍പര്യവുമില്ല. വരവും ചെലവും പൊരുത്തപ്പെടാനാവാത്ത അവസ്ഥയിലാണ് റബര്‍ കര്‍ഷകര്‍. വിലയിടിവും പ്രതിസന്ധി രൂക്ഷമാക്കുന്നു. റബര്‍കൃഷിക്ക് ആദ്യരണ്ടുവര്‍ഷങ്ങളില്‍ ധനസഹായം നല്‍കേണ്ടതില്ലെന്ന ബോര്‍ഡിന്റെ നിലപാട് കര്‍ഷകരെ കടുത്തദുരിതത്തിലേക്കാണ് തള്ളിവിടുന്നത്. വിലയിടിവ് പരിഹരിക്കാനുള്ള നടപടികള്‍ ഇപ്പോഴും പഴയ സ്ഥിതിയില്‍ തന്നെ. കര്‍ഷകരുടെ രക്ഷക്കായി രംഗത്തുവന്ന കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ ഇപ്പോള്‍ മൗനത്തിലുമാണ്.