ചെടിയുടെ വേര് അതിവേഗത്തിൽ ഉണ്ടാവാൻ കറ്റാർവാഴ ജെൽ
കൃഷിയിടത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു എളുപ്പത്തിൽ തയ്യാറാക്കുന്ന വളർച്ച ഹോർമോൺ അല്ലെങ്കിൽ സ്ട്രെസ് റിലീസിംഗ് ഹോർമോൺ എന്ന് വിശേഷിപ്പിക്കുന്ന ഒരു ലായനിയുണ്ട്. ആ ഒരു ലായനിയെ കുറിച്ചാണ് ഇന്ന് പരിചയപ്പെടുന്നത്
കൃഷിയിടത്തിൽ പുതിയ ചെടികളോ പുതിയ നടീൽ വസ്തുക്കളോ ഒക്കെ ലഭിക്കുമ്പോൾ പ്രത്യേകിച്ച് പുതിയ കമ്പുകൾ ആണ് ലഭിക്കുന്നതെങ്കിൽ കറ്റാർവാഴയുടെ നീരിൽ കുത്തി വെച്ച് 30 മിനിറ്റ് കഴിഞ്ഞ് നടുന്ന ഒരു രീതിയുണ്ട്. കറ്റാർവാഴയുടെ ജെല്ല് റൂട്ടിംഗ് ഹോർമോണായി പ്രവർത്തിക്കാറുണ്ട്. അതിനാലാണ് അത്തരം ഒരു കാര്യം ചെയ്യുന്നത്.(കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ഹോർമോണുകൾ Auxins,Gibberellins,Cytokinins,Ethylene എന്നിവയാണ്.)
ഹോർമോൺ തയ്യാറാക്കാൻ വേണ്ടി വലിയ കറ്റാർവാഴയുടെ രണ്ട് പോളകളിൽനിന്ന് ശേഖരിച്ച ജെല്ല് (ശേഖരിച്ചു വച്ചിരിക്കുന്ന ജെൽ ഒരു ഗ്ലാസ് ഉണ്ടായിരിക്കണം) ജെല്ല് ശേഖരിക്കുന്നതിന് വേണ്ടി പോളകൾ ചെടിയിൽ നിന്നും മുറിച്ചെടുത്താൽ അര മുതൽ മുക്കാൽ മണിക്കൂർ വരെ ഒരു പേപ്പറിലോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും സ്ഥലത്തോ അതിനെ ചരിച്ചുവച്ച് സ്വർണ്ണ നിറത്തോടുകൂടിയുള്ള കറ അതിനകത്ത് നിന്ന് പുറത്തു പോകാൻ അനുവദിക്കണം. ഈ കറ വസ്ത്രത്തിലും മറ്റും ആകാതെ ശ്രദ്ധിക്കുക.
കറ പോയതിനു ശേഷം മാത്രം ജെല്ല് വേർതിരിക്കുക. വേർ തിരിച്ചെടുത്ത ജെല്ല് ഒരു ഗ്ലാസ് ആണ് ഉള്ളത് എങ്കിൽ അതിന് മിക്സിയുടെ ജാറിൽ വെള്ളമൊന്നും ചേർക്കാതെ തന്നെ നന്നായിട്ട് അരച്ചെടുക്കുക. ശേഷം മൂന്നു ലിറ്റർ വെള്ളത്തിൽ ഇതിനെ മിക്സ് ചെയ്ത് അരിച്ചെടുത്ത് സ്പ്രേ ചെയ്യാം. പുതിയ തൈകൾ മാറ്റി നടുന്നതിന് മുമ്പ് അരമണിക്കൂർ സമയം ഇതിൽ മുക്കിവയ്ക്കുന്നതും, തൈകൾ മാറ്റി നട്ടശേഷം ഉണ്ടാകുന്ന സ്ട്രെസ്സ് കുറയ്ക്കുന്നതിന് വേണ്ടി സ്ട്രെസ് ഗാർഡ് എന്ന രൂപത്തിൽ ഉപയോഗിക്കാനും വിത്ത് മുളപ്പിച്ച് എടുക്കുന്ന സമയത്ത് തൈകൾക്ക് നന്നായി കരുത്ത് ലഭിക്കാൻ വേണ്ടിയും ഇത് ഉപയോഗിക്കാം.