വെസ്പയുടെ ആദ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇലക്ട്രിക്ക ഉടന്‍ വിപണിയില്‍

ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ വെസ്പയുടെ ആദ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറായ ഇലക്ട്രിക്ക ഉടന്‍ നിരത്തിലെത്തും. വെസ്പയുടെ പാരമ്പര്യ രൂപകല്‍പ്പനക്കൊപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന സ്‌കൂട്ടറിന്റെ നിര്‍മ്മാണം ഇറ്റലിയിലെ പീസിയലുള്ള…

By :  Editor
Update: 2018-09-07 05:34 GMT

ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ വെസ്പയുടെ ആദ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറായ ഇലക്ട്രിക്ക ഉടന്‍ നിരത്തിലെത്തും. വെസ്പയുടെ പാരമ്പര്യ രൂപകല്‍പ്പനക്കൊപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന സ്‌കൂട്ടറിന്റെ നിര്‍മ്മാണം ഇറ്റലിയിലെ പീസിയലുള്ള പോണ്ടെഡെറ നിര്‍മ്മാണ ശാലയില്‍ ഈ മാസം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറോടെ ബുക്കിങ്ങുകള്‍ സ്വീകരിക്കാനും നവംബറില്‍ മിലാനില്‍ ഇ ഐ സി എം എ പ്രദര്‍ശനത്തിനു മുന്നോടിയായി ഇലക്ട്രിക്കയുടെ പരസ്യ പ്രചാരണം തുടങ്ങാനുമാണ് നീക്കം നടത്തുന്നത്.

പ്രവര്‍ത്തനം വൈദ്യുത മോട്ടോറിലാണെങ്കിലും, ആക്‌സിലറേറ്റടക്കം പരമ്പരാഗത ഇന്ധനത്തില്‍ ഓടുന്ന, 50 സി സി എന്‍ജിനുള്ള സ്‌കൂട്ടറുകളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ ഇലക്ട്രിക്കയ്ക്ക് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സാധാരണ ഗതിയില്‍ രണ്ടു കിലോവാട്ടും പരമാവധി നാലു കിലോവാട്ടും ഊര്‍ജ്ജം സൃഷ്ടിക്കാന്‍ കഴിയുന്ന ബാറ്ററി പായ്ക്കാവും പുത്തന്‍ സ്‌കൂട്ടറിനു കരുത്തു പകരുന്നത്. ഇലക്ട്രിക്കയിലെ ബാറ്ററി പൂര്‍ണതോതില്‍ ചാര്‍ജാകാന്‍ നാലു മണിക്കൂര്‍ മതി. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ യാത്ര ചെയ്യാം.

ഒപ്പം പവര്‍ യൂണിറ്റിനൊപ്പം ലിഥിയം അയോണ്‍ ബാറ്ററി സഹിതമുള്ള ചെറു ജനറേറ്റര്‍ ഘടിപ്പിച്ച് ഇതിന്റെ ഇരട്ടി സഞ്ചാരപരിധി വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക്ക എക്‌സും വെസ്പ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ആദ്യം യൂറോപ്പില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഇലക്ട്രിക്ക പിന്നാലെ യു എസിലും ഏഷ്യയിലും വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

കൂടാതെ വെസ്പ മള്‍ട്ടിമീഡിയ പ്ലാറ്റ്‌ഫോമിന്റെ പുത്തന്‍ പതിപ്പിലൂടെ കണക്റ്റഡ് എക്‌സ്പീരിയന്‍സും ഇലക്ട്രിക്കയിലുണ്ടാകും. ഉടമസ്ഥന്റെ സ്മാര്‍ട്‌ഫോണിനെ സ്‌കൂട്ടറുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനത്തിനു കളര്‍ ടി എഫ് ടി ഡിസ്‌പ്ലേയുമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പരമ്പരാഗത ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനു പകരം 4.3 ഇഞ്ച്, ടി എഫ് ടി കളര്‍ ഡിസ്‌പ്ലേയാവും. വേഗത, റേഞ്ച്, ബാറ്ററി ചാര്‍ജ് തുടങ്ങിയ വിവരങ്ങള്‍ ഡിസ്‌പ്ലേയില്‍ ദൃശ്യമാവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ ഐ) സജ്ജമായാണ് വെസ്പ ഇലക്ട്രിക്ക എത്തുന്നത്.

Similar News