പുഷ്പങ്ങളുടെ സൗന്ദര്യറാണി 'വയലറ്റ് ഐറിസ്'
നമ്മുടെ നാട്ടിലെ കുളവാഴച്ചെടിയോടു സാദൃശ്യം തോന്നുന്ന പൂച്ചെടിയാണ് 'വയലറ്റ് ഐറിസ്'. ഇതിന്റെ ജനനം ഖാസി മലകളിലാണ്. വനവാസിയായി പിറന്നെങ്കിലും പുഷ്പങ്ങളിലെ ഈ സൗന്ദര്യറാണി വനവാസമെല്ലാം പൂര്‍ണമായി അവസാനിപ്പിച്ച്…
നമ്മുടെ നാട്ടിലെ കുളവാഴച്ചെടിയോടു സാദൃശ്യം തോന്നുന്ന പൂച്ചെടിയാണ് 'വയലറ്റ് ഐറിസ്'. ഇതിന്റെ ജനനം ഖാസി മലകളിലാണ്. വനവാസിയായി പിറന്നെങ്കിലും പുഷ്പങ്ങളിലെ ഈ സൗന്ദര്യറാണി വനവാസമെല്ലാം പൂര്‍ണമായി അവസാനിപ്പിച്ച് വീടുകളിലെയും പൂന്തോട്ടങ്ങളിലെയും അതിഥിയായി നിലകൊള്ളുന്നു. ഐശ്വര്യത്തിന്റെയും ആഹ്‌ളാദത്തിന്റെയും ചിഹ്നമായി 'വയലറ്റ് ഐറിസി'നെ ജനങ്ങള്‍ കാണുന്നു.
ഈ ചെടി മനുഷ്യ ശ്രദ്ധയിലേക്കു കടന്നുവന്നത് 1969-ലാണെങ്കിലും ഇതിന്റെ ജനനം 1701 ലാണെന്ന് ചരിത്രം പറയുന്നു. കടും ചുവപ്പും ഇളംചുവപ്പുമുള്ള പൂക്കളെ കൂടാതെ മഞ്ഞയും ഊതവര്‍ണവുമുള്ള പൂക്കളെയും വിരിയിക്കുന്ന അതിസുന്ദരിയായ ഈ ചെടിയുടെ ഇലകള്‍ക്ക് ഔഷധവീര്യമുണ്ടത്രെ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ പലവിധ രോഗങ്ങള്‍ക്കും പ്രതിവിധിയായി ഇതിന്റെ ഇലകളുടെയും വേരിന്റെയും നീര് ഉപയോഗിച്ചു വരുന്നു. അസമിലെയും ത്രിപുരയിലെയും മിക്കവാറും വീടുകളുടെ പൂമുഖത്ത് പ്രധാന സ്ഥാനം അലങ്കരിച്ചുകൊണ്ട് 'വയലറ്റ് ഐറിസ്' വളര്‍ന്നു നില്‍ക്കുന്നതു കാണാം.
വിത്തുകള്‍ പാകിയും ശിഖരങ്ങള്‍ മുറിച്ചുവെച്ചും വളര്‍ത്താം. വീടുകളില്‍ ചട്ടികളിലും വളര്‍ത്താനാവും. കേരളത്തിലെ ചില സ്ഥലങ്ങളിലെ കാലാവസ്ഥയും ഇതിനു പറ്റിയതാണത്രെ. മേഘാലയ, അസം, മണിപ്പൂര്‍, ഹിമാചല്‍പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ വി.ഐ.പി.യായി കരുതുന്ന പൂച്ചെടി കൂടിയാണിത്.