ഹ്യുണ്ടായി വേര്‍ണ ആനിവേഴ്സറി വിപണിയിലെത്തി

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പുതിയ വേര്‍ണ ആനിവേഴ്സറി എഡിഷന്‍ വിപണിയില്‍ പുറത്തിറക്കി. 11.69 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി വേര്‍ണ ആനിവേഴ്സറി എഡിഷന് വിപണിയില്‍ വില.…

By :  Editor
Update: 2018-09-14 05:19 GMT

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പുതിയ വേര്‍ണ ആനിവേഴ്സറി എഡിഷന്‍ വിപണിയില്‍ പുറത്തിറക്കി. 11.69 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി വേര്‍ണ ആനിവേഴ്സറി എഡിഷന് വിപണിയില്‍ വില. പുതിയ രണ്ടുനിറങ്ങളാണ് ആനിവേഴ്സറി എഡിഷന്റെ പ്രധാന സവിശേഷത. മറീന ബ്ലൂ, പോളാര്‍ വൈറ്റ് നിറങ്ങളില്‍ ആനിവേഴ്സറി എഡിഷന്‍ അണിനിരക്കും. ദീപാവലിക്ക് മുന്നോടിയായി എത്തിയിട്ടുള്ള പുതിയ സെഡാന്‍ പതിപ്പ് വില്‍പനയെ കാര്യമായി സ്വാധീനിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

നിലവിലുള്ള 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെയാണ് ഹ്യുണ്ടായി വേര്‍ണ ആനിവേഴ്സറി എഡിഷനിലും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭിക്കും.

വേര്‍ണയുടെ SX(O) മോഡലിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ആനിവേഴ്സറി എഡിഷനില്‍ മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ ലഭ്യമാണ്. എന്നാല്‍ ഡീസല്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് ഒരുക്കിയിരിക്കുന്നത്. പരിമിതകാല പതിപ്പായിട്ടാണ് വേര്‍ണ ആനിവേഴ്സറി എഡിഷന്‍ ഒരുങ്ങുന്നത്. സെഡാന്റെ 1,000 യൂണിറ്റുകള്‍ മാത്രമാണ് വില്‍പനയ്ക്കെത്തുന്നത്.

മുന്നിലും പിന്നിലുമുള്ള സ്‌കിഡ് പ്ലേറ്റുകള്‍, പിന്‍ സ്പോയിലര്‍, ആനിവേഴ്സറി എഡിഷന്‍ എബ്ലം, വയര്‍ലെസ് ഫോണ്‍ ചാര്‍ജ്ജിംഗ് എന്നിവയെല്ലാം പുതിയ വേര്‍ണയുടെ ഡിസൈന്‍ സവിശേഷതകളാണ്. മറീന ബ്ലൂ നിറപതിപ്പില്‍ ഷാര്‍ക്ക് ഫിന്‍ ആന്റീനയ്ക്കും മിററുകള്‍ക്കും കറുപ്പാണ് നിറം. പൂര്‍ണ്ണ കറുപ്പ് നിറമാണ് ഡാഷ്ബോര്‍ഡിന് നല്‍കിയിരിക്കുന്നത്. അതേസമയം എസി വെന്റുകള്‍ക്ക് ചുറ്റുമുള്ള നീല വലയം സെഡാന്റെ ഭാവം ഉയര്‍ത്തിക്കാട്ടും.

Similar News