ഹോണ്ടയുടെ വിജയനായകന്‍ അമേസ് ഇന്ത്യയില്‍

അമേസ് എന്നാല്‍, ഹോണ്ടയ്ക്ക് വെറുമൊരു സെഡാനല്ല. ഹോണ്ടയുടെ ഇന്ത്യന്‍ വിപണിയിലെ വിജയവഴികളിലെ നിര്‍ണായകമായ നാഴികക്കല്ലായി അമേസിനെ വിശേഷിപ്പിക്കാം. പെട്രോള്‍ എന്‍ജിന്‍ മോഡലുകളുമായി ഇന്ത്യയില്‍ വിരാജിച്ചിരുന്ന ഹോണ്ട, ഡീസല്‍…

By :  Editor
Update: 2018-04-30 04:12 GMT

അമേസ് എന്നാല്‍, ഹോണ്ടയ്ക്ക് വെറുമൊരു സെഡാനല്ല. ഹോണ്ടയുടെ ഇന്ത്യന്‍ വിപണിയിലെ വിജയവഴികളിലെ നിര്‍ണായകമായ നാഴികക്കല്ലായി അമേസിനെ വിശേഷിപ്പിക്കാം. പെട്രോള്‍ എന്‍ജിന്‍ മോഡലുകളുമായി ഇന്ത്യയില്‍ വിരാജിച്ചിരുന്ന ഹോണ്ട, ഡീസല്‍ വേരിയന്റിലേക്കും ചുവടുവയ്ക്കുന്നത് 2014ല്‍ ബ്രയോയുടെ പഌറ്റ്‌ഫോമില്‍ നിര്‍മ്മിച്ച എന്‍ട്രി ലെവല്‍ സെഡാനായ അമേസ് അവതരിപ്പിച്ചു കൊണ്ടാണ്.

അന്നുവരെ സെഡാന്‍ ശ്രേണിയില്‍ അരങ്ങ് വാണിരുന്ന ഒട്ടേറെ പ്രമുഖ മോഡലുകളോട് മത്സരിച്ച അമേസ്, മികച്ച വില്‍പന വിജയമാണ് ഹോണ്ടയ്ക്ക് സമ്മാനിച്ചത്. അമേസിന്റെ പരിഷ്‌കരിച്ച പല മോഡലുകളും ഇതിനിടെ അവതരിപ്പിച്ചതും ഹിറ്റായി. ഇപ്പോള്‍, ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട പരിചയപ്പെടുത്തിയ അമേസിന്റെ പുത്തന്‍ പതിപ്പും കരുതിവച്ചിരിക്കുന്നത് ഉപഭോക്താക്കള്‍ക്കായി ഒട്ടേറെ അതിശയക്കൂട്ടുകളാണ്.

സ്വന്തമായ പഌറ്റ്‌ഫോമിലാണ് പുനര്‍ജനിക്കപ്പെട്ടത്' എന്നതാണ് പുതിയ അമേസിന്റെ പ്രധാന സവിശേഷത. മുന്‍ മോഡലിനേക്കാള്‍ വലിപ്പക്കൂടുതലും അമേസിന്റെ ഈ രണ്ടാംതലമുറ മോഡലിനുണ്ട്. എങ്കിലും, നാല് മീറ്ററിനുള്ളില്‍ തന്നെ നീളം നിജപ്പെടുത്തിയിട്ടുണ്ട് ഹോണ്ട. പുത്തന്‍ അമേസിന്റെ പെട്രോള്‍ വേരിയന്റും ഡീസല്‍ വേരിയന്റും മുന്‍ഗാമിയേക്കാള്‍ 17 മുതല്‍ 23 കിലോഗ്രാം വരെ ഭാരം കുറച്ചിട്ടുമുണ്ട്. വീല്‍ബെയ്‌സ് 2470 എം.എം ആയി ഉയര്‍ത്തിയിരിക്കുന്നു. വാഹനത്തിന്റെ വലിപ്പ കൂടുതല്‍ അകത്തളത്തെ കൂടുതല്‍ വിശാലമാക്കിയിട്ടുണ്ട്. ബൂട്ട്‌സ്‌പേസ് 20 ലിറ്റര്‍ ഉയര്‍ന്ന് 420 ലിറ്ററായി.

ഡ്യുവല്‍ ടോണ്‍ നിറയുന്നതാണ് അകത്തളം. പിയാനോ ബ്‌ളാക്കാണ് ഡാഷ്‌ബോര്‍ഡിന്റെ നിറം. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളുമായി ബന്ധിപ്പിക്കാവുന്ന അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ഓഡിയോ കണ്‍ട്രോളോടു കൂടിയ പുതിയ സ്റ്റിയറിംഗ് വീല്‍, പ്രവര്‍ത്തമികവ് മെച്ചപ്പെടുത്തിയ എ.സി., ഫോണ്‍ ചാര്‍ജിംഗ് പോയിന്റ്, സെന്റര്‍ ആംറെസ്റ്റ്, വിവിധ സ്‌റ്റോറേജ് ഏരിയകള്‍ എന്നിങ്ങനെയും ഒട്ടേറെ സവിശേഷതകള്‍ അകത്തളത്തില്‍ കാണാം.

1.2 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്റെ കരുത്ത് 90 പി.എസും ഉയര്‍ന്ന ടോര്‍ക്ക് 110 എന്‍.എമ്മുമാണ്. 100 പി.എസ് കരുത്തും 200 എന്‍.എം ഉയര്‍ന്ന ടോര്‍ക്കുമുള്ളതാണ് 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. ഇരു വേരിയന്റുകള്‍ക്കും മാനുവല്‍ ട്രാന്‍സ്മിഷനാണുള്ളത്. 80 പി.എസ് കരുത്തും 160 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമുള്ള സി.വി.ടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്റും അമേസ് വാഗ്ദാനം ചെയ്യുന്നു. എന്‍ജിനില്‍ കാതലായ മാറ്റമില്ലെങ്കിലും നോയിസ് റിഡ്കഷന്‍ ഉള്‍പ്പെടെ ചെറു മാറ്റങ്ങള്‍ കാണാം. പെട്രോള്‍ വേരിയന്റ് ലിറ്ററിന് 19.5 കിലോമീറ്ററും ഡീസല്‍ വേരിയന്റ് 27.8 കിലോമീറ്ററുമാണ് അവകാശപ്പെടുന്ന എ.ആര്‍.എ.ഐ സര്‍ട്ടിഫൈഡ് മൈലേജ്.

അമേസിന്റെ പുത്തന്‍ പതിപ്പില്‍ പുറംമോടിയുടെ ഭംഗി ഏത് ഭാഗത്തുനിന്നും കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഹോണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗുകളും എ.ബി.എസും സ്റ്രാന്‍ഡേര്‍ഡായി ഉണ്ടാകും. അഞ്ചരലക്ഷം രൂപ മുതലാണ് പുത്തന്‍ അമേസിന് പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില.

Tags:    

Similar News