വാഹന വര്‍ക്ക് ഷോപ്പുകള്‍ വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ തുറക്കാം; ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന വര്‍ക്ക് ഷോപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശം നിശ്ചയിച്ച്‌ ഉത്തരവായി. ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചതു പ്രകാരം ടയര്‍, ബാറ്ററി, സ്‌പെയര്‍പാര്‍ട്‌സ് കടകളും…

By :  Editor
Update: 2020-04-08 01:29 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന വര്‍ക്ക് ഷോപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശം നിശ്ചയിച്ച്‌ ഉത്തരവായി. ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചതു പ്രകാരം ടയര്‍, ബാറ്ററി, സ്‌പെയര്‍പാര്‍ട്‌സ് കടകളും വര്‍ക്ക് ഷോപ്പുകളും തുറക്കാനാണ് ചീഫ് സെക്രട്ടറി ടോം ജോസ് പുറത്തിറക്കിയ ഉത്തരവില്‍ അനുമതി നല്‍കിയിരിക്കുന്നത്.

വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് ഈ കടകള്‍ക്ക്‌ തുറക്കാന്‍ അനുമതി. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വര്‍ക്ക് ഷോപ്പുകള്‍ തുറക്കാം. ടയര്‍, ബാറ്ററി കടകള്‍ക്കും ഇത് ബാധകമാണ്. അടിയന്തര സ്വഭാവമുള്ള റിപ്പയറിങ് ജോലികള്‍ മാത്രമേ വര്‍ക്ക് ഷോപ്പുകള്‍ ഏറ്റെടുക്കാവൂ എന്ന് ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.

ബാറ്ററി കടകളിലും സ്‌പെയര്‍പാര്‍ട്ട്‌സ് കടകളിലും ഏറ്റവും കുറഞ്ഞ ജീവനക്കാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. വര്‍ക്ക്‌ഷോപ്പിലെ ജോലികളെ നാലായി തിരിച്ചാണ് മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. 'എ' കാറ്റഗറിയില്‍ മിനിമം എട്ടു ടെക്‌നീഷ്യന്മാരേ പാടുള്ളൂ. 'ബി' കാറ്റഗറിയില്‍ അഞ്ചു ടെക്‌നീഷ്യന്മാരും 'സി' കാറ്റഗറിയില്‍ മൂന്നു ടെക്‌നീഷ്യന്മാരും 'ഡി' കാറ്റഗറിയില്‍ ഒരു ടെക്‌നീഷ്യനും മാത്രമേ പാടുള്ളൂ.

റോഡില്‍ കേടായിക്കിടക്കുന്ന വാഹനങ്ങള്‍ നന്നാക്കാന്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍ക്ക് ഇരുപത്തിനാലു മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ട്. വാഹനങ്ങളുടെ പണികളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇത്തരത്തില്‍ ഇളവ് നല്‍കുന്നതിനു വേണ്ടി തയ്യാറായിരിക്കുന്നത്.

Similar News