ഒരു വര്‍ഷത്തേക്ക് നല്‍കേണ്ട വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ആറു മാസത്തേക്ക് ചുരുക്കി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

വാഹനങ്ങളുടെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് നല്‍കേണ്ടത് ആറ് മാസത്തേക്ക് ചുരുക്കി നല്‍കുന്ന പുക പരിശോധനാ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. 2012ന്…

By :  Editor
Update: 2020-09-13 01:23 GMT

വാഹനങ്ങളുടെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് നല്‍കേണ്ടത് ആറ് മാസത്തേക്ക് ചുരുക്കി നല്‍കുന്ന പുക പരിശോധനാ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. 2012ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4(ഭാരത് സ്റ്റേജ് എമിഷന്‍ നോംസ്) വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷത്തെ കാലപരിധിയാണ് നല്‍കേണ്ടത്. എന്നാല്‍ നിലവില്‍ പുകപരിശോധനാ കേന്ദ്രങ്ങള്‍ നല്‍കുന്നത് ആറ് മാസം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റാണ്. നിലവില്‍ ബി എസ് 3 വാഹനങ്ങള്‍ക്ക് മാത്രമാണ് ആറ് മാസത്തെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ഇരു ചക്ര വാഹനങ്ങള്‍ക്ക് 80 രൂപയും മുച്ചക്ര വാഹനങ്ങള്‍ പെട്രോള്‍ 80 രൂപയും ഡീസല്‍ 90 രൂപയും ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ പെട്രോള്‍ 100 രൂപയും ഡീസല്‍ 110 രൂപയും ഹെവി മോട്ടോര്‍ വെഹിക്കിളിന് 150 രൂപയുമാണ് പുക പരിശോധന ഫീസായി വാങ്ങേണ്ടത്. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഈ മാസം മുതല്‍ ഓണ്‍ലൈനിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. വാഹന സോഫ്റ്റ് വെയറും പുക പരിശോധനാ കേന്ദ്രങ്ങളും തമ്മില്‍ ലിങ്ക് ചെയ്യും. ഒരു വര്‍ഷം കാലാവധി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇരട്ടി ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ ആര്‍.ടി.ഒയെ സമീപിക്കാം. എല്ലാ പുക പരിശോധന കേന്ദ്രങ്ങളിലും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയും പരിശോധന ഫീസും വാഹന ഉടമസ്ഥര്‍ക്ക് കാണുന്ന വിധത്തില്‍ ബോര്‍ഡായി എഴുതി പ്രദര്‍ശിപ്പിക്കണം. ഇത് പാലിക്കാത്ത പുക പരിശോധന കേന്ദ്രങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Tags:    

Similar News