പാരിസ് മോട്ടോര്‍ ഷോയില്‍ ലംബോര്‍ഗ്‌നി പങ്കെടുക്കില്ല

ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗ്‌നി പാരിസ് മോട്ടോര്‍ ഷോയില്‍ പങ്കെടുക്കില്ല. സന്ദര്‍ശകരുടെ എണ്ണം അടിസ്ഥാനമാക്കിയാല്‍ യൂറോപ്പിലെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍…

By :  Editor
Update: 2018-05-26 03:51 GMT

ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗ്‌നി പാരിസ് മോട്ടോര്‍ ഷോയില്‍ പങ്കെടുക്കില്ല. സന്ദര്‍ശകരുടെ എണ്ണം അടിസ്ഥാനമാക്കിയാല്‍ യൂറോപ്പിലെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന പാരിസ് മോട്ടോര്‍ ഷോ .

10 മുന്‍നിര നിര്‍മാതാക്കളാണു പാരിസ് മോട്ടോര്‍ ഷോയ്ക്കില്ലെന്നു പ്രഖ്യാപിച്ചു കഴിഞ്ഞത്. ഫോക്‌സ്വാഗനും ജപ്പാനില്‍ നിന്നുള്ള നിസ്സാന്‍, ആഡംബര ബ്രാന്‍ഡായ ഇന്‍ഫിനിറ്റി, യു എസിലെ ഫോഡ്, സ്വീഡിഷ് ബ്രാന്‍ഡായ വോള്‍വോ, ജപ്പാനിലെ സുബാരു, മസ്ദ, മിറ്റ്‌സുബിഷി, ജര്‍മന്‍ ഓപ്പല്‍ തുടങ്ങിയവരും ഷോയില്‍ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

ഇതാദ്യമായല്ല ലംബോര്‍ഗ്‌നി പാരിസ് മോട്ടോര്‍ ഷോയില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. 2016ലും ബെന്റ്‌ലിക്കൊപ്പം കമ്പനിയും പാരിസില്‍ എത്തിയിരുന്നില്ല. ഫോക്‌സ്വാഗന്റെ ബ്രിട്ടീഷ് ഉപസ്ഥാപനമായ ബെന്റ്‌ലി ഇക്കൊല്ലം പാരിസ് മോട്ടോര്‍ ഷോയ്‌ക്കെത്തുമെന്നാണു പ്രതീക്ഷ; 'കോണ്ടിനെന്റല്‍ ജി ടി സി'യും 'ഫഌിങ് സ്പറു'മാവും കമ്പനി പവിലിയനിലെ പ്രധാന ആകര്‍ഷണങ്ങള്‍.

ഫോക്‌സ്വാഗനും ലംബോര്‍ഗ്‌നിയുമില്ലെങ്കിലും ഗ്രൂപ്പില്‍പെട്ട ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി, സ്‌പോര്‍ട്‌സ് കാര്‍ ബ്രാന്‍ഡായ പോര്‍ഷെ, ചെക്ക് നിര്‍മാതാക്കളായ സ്‌കോഡ, സ്പാനിഷ് ബ്രാന്‍ഡായ സീറ്റ് എന്നിവ പാരിസ് ഷോയില്‍ പങ്കെടുക്കുമെന്ന് ഫോക്‌സ്വാഗന്റെ ഫ്രഞ്ച് ഓപ്പറേഷന്‍സ് വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ ഇക്കൊല്ലം പാരിസില്‍ നിന്നു വിട്ടു നില്‍ക്കുന്നതിനാല്‍ 2020ലെ പ്രദര്‍ശനത്തിലും കമ്പനി പങ്കെടുക്കില്ലെന്ന് അര്‍ഥമില്ലെന്നും ഫോക്‌സ്വാഗന്‍ വിശദീകരിച്ചിട്ടുണ്ട്.

ഫ്രാങ്ക്ഫുര്‍ട്ടുമടക്കമുള്ള പരമ്പരാഗത കാര്‍ പ്രദര്‍ശന വേദികളോട് ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ്വാഗന്‍ കാര്യമായ ആഭിമുഖ്യം കാട്ടിയിരുന്നില്ല. ഇക്കൊല്ലം ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലും കമ്പനി പങ്കെടുത്തിരുന്നില്ല; പകരം ഇതേ സമയത്ത് സ്വന്തം നിലയില്‍ പരിപാടികള്‍ സംഘടിപ്പിക്കുകയായിരുന്നു ഫോക്‌സ്വാഗന്‍ ചെയ്തത്.

ചെലവു ചുരുക്കല്‍ നടപടിയുടെ ഭാഗമെന്നതിലുപരി വാഹന വ്യവസായത്തിന് കാര്‍ മേളകളോടുള്ള താല്‍പര്യം കുറയുന്നതിന്റെ കൂടി തെളിവായാണ് ഫോക്‌സ്വാഗന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്. വരുന്ന ഒക്ടോബര്‍ രണ്ടു മുതല്‍ 14 വരെ നടക്കുന്ന പാരിസ് മോട്ടോര്‍ ഷോയില്‍ ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ, സിട്രോന്‍, പ്യുഷൊ തുടങ്ങിയവ പങ്കെടുക്കുന്നുണ്ട്. കൂടാതെ ടൊയോട്ട, മെഴ്‌സീഡിസ് ബെന്‍സ്, ഹ്യുണ്ടേയ്, ജഗ്വാര്‍ ലാന്‍ഡ് റോവര്‍, സ്മാര്‍ട്, സുസുക്കി, ലെക്‌സസ് തുടങ്ങിയ വിദേശ നിര്‍മാതാക്കളും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

Similar News