ഡോക്ടറുൾപ്പെടെ 8 കോവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു

ഡൽഹി: ഡോക്ടറുൾപ്പെടെ 8 കോവിഡ് രോഗികൾ ഡൽഹിയിലെ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മരിച്ചു. ബത്ര ആശുപത്രിയിലാണ് ദാരുണമായ സംഭവം. രോഗികളിൽ ആറു പേർ ഐസിയുവിലും രണ്ടു പേർ…

By :  Editor
Update: 2021-05-01 06:03 GMT

ഡൽഹി: ഡോക്ടറുൾപ്പെടെ 8 കോവിഡ് രോഗികൾ ഡൽഹിയിലെ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മരിച്ചു. ബത്ര ആശുപത്രിയിലാണ് ദാരുണമായ സംഭവം. രോഗികളിൽ ആറു പേർ ഐസിയുവിലും രണ്ടു പേർ വാർഡിലും ചികിത്സയിലായിരുന്നു. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം തലവൻ ഡോ. ആർ.കെ.ഹിംതാനിയാണ് മരിച്ചവരിൽ ഒരാൾ.

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം അനുഭവപ്പെടുന്നത്. ഏപ്രിൽ 24നും ഓക്സിജൻ മുടങ്ങിയെങ്കിലും വൈകാതെ വിതരണം പുനഃരാരംഭിക്കാൻ സാധിച്ചിരുന്നു. 230 രോഗികൾക്ക് 80 മിനിറ്റ് നേരം ഓക്സിജൻ മുടങ്ങിയതായി ആശുപത്രി അധികൃതർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

ഡൽഹിയിൽ ഉടൻ 490 മെട്രിക് ടൺ ഓക്സിജൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഉടൻ ഓക്സിജൻ എത്തിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പും നൽകി. ഏപ്രിൽ 20 നാണ് വിഹിതം അനുവദിച്ചതെങ്കിലും ഒരു ദിവസം പോലും അനുവദിച്ചയത്ര ഡൽഹിക്കു ലഭിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഡൽഹിക്കുള്ള ഓക്സിജൻ വിഹിതം 100 മെട്രിക് ടൺ കൂട്ടിയെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

Tags:    

Similar News